ഉലുവപ്പൊടിയിലുണ്ടാക്കാം, 
പ്രകൃതി സൗഹൃദ നാപ്‌കിൻ

ബയോ ഡൈവേഴ്സിബിള്‍ സാനിറ്ററി നാപ്കിന്‍ പ്രോജക്ട് തയ്യാറാക്കിയ കെ സി ജെന്നിയും അമിഷ വി മനോജും


 മട്ടന്നൂർ വിപണിയിൽ ധാരാളം ബ്രാൻഡുകളിൽ സാനിറ്ററി പാഡുകൾ ലഭ്യമാണ്. പക്ഷേ, മണ്ണിൽ പൂർണമായും അലിഞ്ഞുചേരുന്ന പാഡുകൾ കിട്ടുമോ. പ്ലാസ്‌റ്റിക്‌ അൽപംപോലും ഉപയോഗിക്കാത്തവ. പ്രകൃതിക്ക്‌ ദോഷമാകാത്ത നാപ്‌കിനുകൾ നിർമിക്കാമെന്ന ഈ ആശയത്തിലൂടെ  ബാലസംഘം പ്രവർത്തകരും പട്ടാന്നൂർ കെപിസി ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ്‌വൺ വിദ്യാർഥിളുമായ  കെ സി ജെന്നിയും അമിഷ വി മനോജും ‘യങ് ഇന്നവേറ്റേഴ്‌സ്‌ ’പ്രോഗ്രാമിലേക്ക്‌. ഉലുവപ്പൊടിയുൾപ്പെടെയുള്ള പ്രകൃതി സൗഹൃദ വസ്‌തുക്കൾ ഉപയോഗിച്ചായിരുന്നു നാപ്‌കിൻ നിർമിച്ചത്‌.    നാപ്‌കിനുകൾ സംസ്‌കരിക്കുന്നതിലുള്ള പ്രയാസവും ഉപയോഗശേഷം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യുന്നതിലൂടെ പ്രകൃതിക്കും ചുറ്റുപാടിനുമുണ്ടാകുന്ന ദോഷവും മനസ്സിലാക്കിയശേഷമാണ് ആശയം അധ്യാപിക സി കെ പ്രീതയോട് പങ്കുവച്ചത്‌. വെള്ളം പുറത്തുകടക്കാത്ത പദാർഥങ്ങൾ വെയിലിൽ ഉണക്കിയെടുത്ത് കോട്ടൺ, പഞ്ഞി, സംസ്‌കരിച്ച ഉലുവപ്പൊടി എന്നിവ പലപാളികളിലായി വച്ച് ബയോ ഡീഗ്രേഡബിൾ നാപ്കിൻ തുന്നിയെടുക്കുകയായിരുന്നു.കുടുംബശ്രീ പ്രവർത്തകരാണ്‌  പരിശീലനം നൽകിയത്‌. ഇവരുടെ പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ അംഗീകാരവും ലഭിച്ചു. കേരളാ ഡെവലപ്‌മെന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ "യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാ"മിലേക്കാണ്‌   പ്രോജക്ട് തെരഞ്ഞെടുക്കപ്പെട്ടത്‌. പ്രിൻസിപ്പൽ എ സി മനോജ്, എ സന്ദീപ് എന്നിവരും പ്രോത്സാഹനവും നൽകി. Read on deshabhimani.com

Related News