തലശേരി വെയര്‍ ഹൗസ് ഉദ്‌ഘാടനം നാളെ



കണ്ണൂർ സെൻട്രൽ വെയർ ഹൗസിങ് കോർപ്പറേഷന്റെ തലശേരി വെയർഹൗസ്  വെള്ളിയാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 57,100 ചതുരശ്ര അടിയിലുള്ള വെയർഹൗസിന്റെ സംഭരണ ശേഷി 12,520 മെട്രിക് ടൺ ആണെന്ന് സെൻട്രൽ വെയർ ഹൗസിങ് കോർപ്പറേഷൻ ഡയറക്ടർ കെ വി പ്രദീപ്കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സെൻട്രൽ വെയർ ഹൗസിങ് കോർപ്പറേഷന്റെ സംസ്ഥാനത്തെ പന്ത്രണ്ടാമത്തെ വെയർ ഹൗസാണിത്‌.   തലശേരിയിലെ കിൻഫ്ര സ്മാൾ ഇൻഡസ്ട്രിയൽ പാർക്കിൽ വൈകിട്ട് അഞ്ചിനാണ്‌ ഉദ്‌ഘാടനം. കെ മുരളീധരൻ എംപി അധ്യക്ഷനാകും. എ എൻ ഷംസീർ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ,  കലക്ടർ എസ് ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുക്കും. ആധുനിക വെയർഹൗസിങ്‌ സംവിധാനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ മികച്ച നിലവാരത്തിലുള്ള റോഡുകൾ, ആധുനിക അഗ്നിശമന സാമഗ്രികൾ, ലോറി വേബ്രിഡ്ജ്, മഴക്കാലത്തും കയറ്റിറക്ക് പ്രവർത്തനങ്ങൾ സുഗമമായി നടത്താവുന്ന കാനോപ്പി റൂഫിങ്‌,  24 മണിക്കൂർ സെക്യൂരിറ്റി സിസിടിവി സംവിധാനങ്ങൾ തുടങ്ങിയവ ഇവിടെയുണ്ട്.  തദ്ദേശീയരായ നിരവധി ആളുകൾക്ക് കയറ്റിറക്ക് മേഖലയിലും മറ്റ് അനുബന്ധ മേഖലകളിലും പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ ലഭ്യതയും വെയർ ഹൗസ് ഉറപ്പാക്കുന്നു.  കാസർകോട്‌ മടിക്കൈയിൽ അടുത്തവർഷം വെയർഹൗസ്‌ നിർമാണം പൂർത്തിയാക്കും. കുളത്തൂരിലും ഏഴേക്കർ സ്ഥലം ഏറ്റെടുത്തു. മുഴുവൻ ജില്ലകളിലും വെയർഹൗസുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. സ്ഥലം കൈമാറി നൽകുന്നതിൽ സംസ്ഥാന സർക്കാർ പരമാവധി സഹായങ്ങൾ നൽകുന്നുണ്ടെന്നും ഡയറക്ടർ പറഞ്ഞു.  വാർത്താസമ്മേളനത്തിൽ സെൻട്രൽ വെയർ ഹൗസിങ് കോർപ്പറേഷൻ റീജണൽ മാനേജർ ബി ആർ മനീഷ്,  ഷാജൻ ഭാസ്‌കർ, എ മൻസൂർ, തലശേരി വെയർഹൗസ് മാനേജർ രേണുക രാമചന്ദ്രൻ, രചന, ബി ഉദയഭാനു എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News