ഒരുക്കം പൂർത്തിയാകുന്നു, 
ഇനി വരവേൽക്കാം

പെരളശേരി ഐവർകുളം ജിപിയുപി സ്കൂൾ ശുചീകരിക്കുന്ന ഡിവൈഎഫ്ഐ പ്രവർത്തകർ.


കണ്ണൂർ വിദ്യാർഥികളെ വരവേൽക്കാനുള്ള ഒരുക്കത്തിന്റെ അവസാനഘട്ടത്തിലാണ്‌ സ്‌കൂളുകൾ. തുറക്കാൻ ഒരാഴ്ച ബാക്കിനിൽക്കെ സ്‌കൂളിലേക്കുള്ള വഴി മുതൽ ക്ലാസ്‌ റൂം വരെ  നീളുന്ന ഒരുക്കങ്ങൾ ഞായറാഴ്‌ചയും സജീവമായിരുന്നു. ജില്ലയിലെ സ്‌കൂളുകളുടെ ഒന്നാംഘട്ട ശുചീകരണം പൂർത്തിയായതിന്റെ റിപ്പോർട്ട്‌ വെള്ളിയാഴ്‌ച കലക്ടർ എസ്‌ ചന്ദ്രശേഖർ  പൊതു വിദ്യാഭ്യാസ വകുപ്പിന്‌ കൈമാറി.    എല്ലാവഴികളും 
സ്‌കൂളിലേക്ക്‌ ഒന്നരവർഷത്തിനുശേഷം തുറക്കുന്ന സ്‌കൂളുകളിലെ ശുചിത്വം ഉറപ്പുവരുത്താൻ ‘എല്ലാ വഴികളും സ്‌കൂളുകളിലേക്ക്‌’ ക്യാമ്പയിനാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ ഏറ്റെടുത്തത്‌.  വഴി, ഗേറ്റ്‌, സ്‌കൂൾ മുറ്റം, അടുക്കള, ഭക്ഷണമുറി, ലാബ്‌, ലൈബ്രറി, ശുചിമുറി എന്നിവയിലൂടെ കടന്ന്‌ ക്ലാസ്‌മുറിയിലും ഓഫീസ്‌ മുറിയിലെത്തുന്ന ശുചീകരണരീതിയാണ്‌ നടപ്പാക്കിയത്‌. വിദ്യാർഥി, യുവജന, ട്രേഡ്‌ യൂണിയൻ സംഘടനകളും സന്നദ്ധസംഘടനകളും സ്‌കൂൾ പിടിഎയും വിദ്യാലയ വികസനസമിതിയും ഒത്തൊരുമിച്ചാണ്‌ ശുചീകരണത്തിനിറങ്ങിയത്‌. ക്ലബ്ബുകളും വായനശാലകളും സ്‌കൂൾ ശുചീകരണത്തിനിറങ്ങി. കോവിഡ്‌ പശ്‌ചാത്തലത്തിൽ അണുനശീകരണ പ്രവർത്തനങ്ങളും നടത്തി.  വകുപ്പുകളുടെ 
സഹകരണത്തോടെ ഗതാഗതം,  പൊലീസ്‌, ആരോഗ്യ വകുപ്പുകളുടെ സഹകരണത്തോടെയുള്ള പ്രവർത്തനങ്ങളും ഒരുക്കങ്ങളുടെ ഭാഗമായി നടക്കുന്നുണ്ട്‌. ഗതാഗത സൗകര്യം കുറഞ്ഞ ആറളംപോലുള്ള മലയോര പ്രദേശങ്ങളിലും വിദ്യാർഥികൾ കൂടുതലുള്ള റൂട്ടുകളിലും പ്രത്യേക സർവീസ്‌ നടത്താൻ വിദ്യാഭ്യാസ വകുപ്പ്‌ കെഎസ്‌ആർടിസിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. കുട്ടികളുടെ ലഹരി ഉപയോഗം തടയാൻ സ്‌കൂൾ പരിസരത്തെ കടകളിൽ പൊലീസ്‌ പരിശോധന തുടങ്ങി. കോവിഡ്‌ പ്രതിരോധത്തിനായി സ്‌കൂളിനടുത്തെ സർക്കാർ ആരോഗ്യ കേന്ദ്രവുമായി സഹകരിച്ചുള്ള പ്രവർത്തനങ്ങളും നടക്കും. ഇതിനായി ഒരു അധ്യാപകന്‌ ചുമതല നൽകിയിട്ടുണ്ട്‌. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്ന കുട്ടികൾക്ക്‌ പരിചരണം നൽകാൻ സിക്ക്‌ റൂം സജീകരിക്കുന്നുണ്ട്‌. പ്രവേശന കവാടത്തിലും ക്ലാസ്‌മുറിയിലും ലാബിലും ലൈബ്രറിയിലും സാനിറ്റൈസർ സ്ഥാപിക്കും.  യൂണിഫോം 
നിർബന്ധമില്ല ഒന്നു മുതൽ ഏഴുവരെയും പത്ത്‌, പ്ലസ്‌ടു ക്ലാസുകളുമാണ്‌ നവംബർ ഒന്നിന്‌ തുടങ്ങുന്നത്‌. ആഴ്‌ചയിൽ അടുപ്പിച്ചുള്ള മൂന്ന്‌ ദിവസമാണ്‌ ക്ലാസ്‌. ഒരു ക്ലാസിൽ 30 കുട്ടികളുള്ള രീതിയിൽ സജീകരിക്കാനാണ്‌ നിർദേശം. അധികം കുട്ടികളുണ്ടെങ്കിൽ ബാച്ചാക്കും. ആവശ്യമെങ്കിൽ ഓൺലൈൻ ക്ലാസും തുടരും. ഉച്ചവരെയാണ്‌ ക്ലാസെങ്കിലും കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ ഉച്ചഭക്ഷണം നൽകും. കുട്ടികൾക്ക്‌ യൂണിഫോം നിർബന്ധമാക്കില്ല. യൂണിഫോം തുണി കുട്ടികൾക്ക്‌ നൽകിയിട്ടുണ്ടെങ്കിലും കോവിഡ്‌ കാലത്ത്‌ തയ്‌പിക്കാനുള്ള അസൗകര്യം പരിഗണിച്ചാണിത്‌. Read on deshabhimani.com

Related News