ഹോട്ടൽ പൂർണമായും കത്തി

തലശേരിയിൽ കത്തിനശിച്ച ഹോട്ടൽ


  തലശേരി പുതിയ ബസ്‌സ്‌റ്റാൻഡിനടുത്തുണ്ടായ തീപിടിത്തത്തിൽ ഹോട്ടൽ പൂർണമായും കത്തിനശിച്ചു. നാരങ്ങാപ്പുറം പെട്രോൾ പമ്പിന്‌ മുൻവശത്തെ ‘കേവീസ്‌’ അറേബ്യൻ ഫോർട്ട്‌ ഹോട്ടലാണ്‌ കത്തിയത്‌. സമീപത്തെ സെൽവ മെഡിക്കൽസ്‌, ലിയ റെഡിമെയ്‌ഡ്‌സ്‌, ഫൂട്ട്‌ കെയർ എന്നീ സ്ഥാപനങ്ങളുടെ ബോർഡുകളും നശിച്ചു.  വ്യാഴാഴ്‌ച രാത്രി പതിനൊന്നോടെയാണ്‌ തീപിടിത്തമുണ്ടായത്‌.  ഗ്യാസ്‌ സിലിണ്ടറിന്റെ നോബ്‌ മാറ്റുമ്പോഴാണ് തീപടർന്നത്. ഈ സമയം ഭക്ഷണംകഴിക്കാനെത്തിയവരും തൊഴിലാളികളും ഹോട്ടലിലുണ്ടായിരുന്നു. എല്ലാവരും പുറത്തേക്കോടി രക്ഷപ്പെട്ടു.  രണ്ടുപേർക്ക്‌ നിസ്സാര പരിക്കേറ്റു. ഷവർമ മേക്കറിലേക്ക്‌ തീപടർന്നതോടെ ആളിക്കത്തി. ഫർണിച്ചറടക്കം ഹോട്ടലിലെ സകലസാമഗ്രികളും കത്തി. തലശേരി, പാനൂർ അഗ്നിരക്ഷാനിലയത്തിലെ മൂന്ന്‌ യൂണിറ്റ്‌ രണ്ട്‌ മണിക്കൂറോളം പ്രയത്‌നിച്ചാണ്‌ തീയണച്ചത്.  ഓട്ടോതൊഴിലാളികളും രക്ഷാദൗത്യത്തിൽ പങ്കാളികളായി. 15 ലക്ഷം രൂപയുടെ നഷ്ടമുണ്ട്.    ഹോട്ടലിൽ  19 ഗ്യാസ് സിലണ്ടറുകൾ; 
ഒഴിവായത് വൻദുരന്തം  ഒഴിഞ്ഞതടക്കം 19 ഗ്യാസ്‌ സിലിണ്ടറുകൾ കടയിലുണ്ടായിരുന്നു. ഹോട്ടലിന്‌ തൊട്ടുമുമ്പിലാണ്‌ പെട്രോൾ പമ്പ്‌. ഗ്യാസ്‌ സിലിണ്ടർ പൊട്ടിയെങ്കിൽ നഗരമാകെ കത്തുമായിരുന്നു. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലിലാണ്‌ വൻദുരന്തം ഒഴിവായത്‌. തീപിടിത്തത്തിൽ കെട്ടിടത്തിന്റെ മുകൾനിലയിലെ ഷൈൻ ട്രാവൽസ്‌, ഗേളി ഗ്ലോ ബ്യൂട്ടി പാർലർ തുടങ്ങിയ സ്ഥാപനങ്ങൾക്കും ഐഎൻഎൽ ഓഫീസിനും കേടുപറ്റി.  മേക്കുന്ന്‌ സ്വദേശി ഷഹീം കാസി, സഹോദരൻ ഷബീബ്‌ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ്‌ തീപിടിത്തമുണ്ടായ കേയീസ്‌ കോംപ്ലക്‌സ്‌. അഴിയൂർ കുഞ്ഞിപ്പള്ളി സ്വദേശി നൗഷാദാണ്‌ അറേബ്യൻ ഫോർട്ട്‌ ഹോട്ടൽ നടത്തുന്നത്‌.   Read on deshabhimani.com

Related News