നിലാവുപോലെ 
തെളിച്ചമുള്ളൊരാൾ

കെ മുരളീധരനും ഭാര്യ രുഗ്മിണിയും മകൻ ഡോ. എം സജീഷ്‌, ഭാര്യ ഗായിക സിത്താര, 
പേരക്കുട്ടി സാവൻ ഋതു എന്നിവർക്കൊപ്പം (ഫയൽ ചിത്രം)


പാടിയോട്ടുചാൽ ‘‘അച്ഛൻ അവസാനമായി യാത്ര ചെയ്യുന്ന വാഹനത്തിന്‌ പിറകിലായി നാട്ടിലേക്കുള്ള യാത്രയിലാണ് ഞങ്ങൾ!  അച്ഛൻ മുരളി മാഷെക്കുറിച്ച് സഹപ്രവർത്തകരും വിദ്യാർഥികളും കൂട്ടുകാരും കുറിച്ചിടുന്ന ഓർമകൾ ഉറക്കെ വായിക്കുകയായിരുന്നു ഞാൻ... അമ്മയ്ക്കും ഏട്ടനും കേൾക്കാനായി! അവരുടെ ജീവിതത്തിലെ നിറമുള്ള ഓർമകൾ പലതും വന്നുപോകുന്നത് എനിക്കിപ്പോൾ കാണാം!!!’’–- ഗായിക സിത്താര കൃഷ്‌ണകുമാറിന്റെ (മുരളി മാഷിന്റെ മകൻ ഡോ. എം സജീഷിന്റെ ഭാര്യ) ഫെയ്‌സ്‌ബുക്ക്‌  പോസ്‌റ്റ്‌ തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌. ‘‘കുട്ടിക്കാലത്തെ കഥകൾ പരസ്പരം പറഞ്ഞുകേൾപ്പിക്കുക ഞങ്ങളുടെ ഇഷ്ടങ്ങളിലൊന്നാണ്, ആ കഥകളിൽ നിറയെ അച്ഛന്റെ എഴുത്ത്, വായന, വര, അഭിനയം, സംഘടനാ പ്രവർത്തനം എല്ലാം നിറഞ്ഞുനിൽക്കും. മൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച അച്ഛൻ നാലാമതൊരു പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു. 57 രാജ്യങ്ങൾ കണ്ടിട്ടുണ്ട് അച്ഛനും അമ്മയും... സഞ്ചാരപ്രിയനായ അച്ഛൻ വേദനകളില്ലാത്ത ഏതോ നാട്ടിലേക്ക് യാത്ര പോവുകയാണ്!!! – പോസ്‌റ്റിന്റെ ഒടുക്കം ഇങ്ങിനെ.   തിങ്കളാഴ്‌ച അന്തരിച്ച മുരളി മാഷെ  കാലഘട്ടം നിർമിച്ച കലാപ്രതിഭയെന്നാണ്‌ സാംസ്‌കാരിക പ്രവർത്തകനായ കരിവെള്ളൂർ മുരളി ഓർത്തെടുക്കുന്നത്‌.  ‘‘എല്ലായ്‌പോഴും പ്രസന്നതയും പ്രസാദാത്മകതയും  പ്രകടിപ്പിക്കുന്ന സദാജാഗരൂകനായ പൊതുപ്രവർത്തകൻ.  ജ്യേഷ്ഠന്മാരായ കെ വിജയൻ മാസ്റ്റർ, കെ രാമചന്ദ്രൻ നായർ എന്നിവരോടൊപ്പം അച്ഛൻ ഗോവിന്ദ പൊതുവാൾ തന്നെയാണ് മുരളി മാഷെയും നാടകഅരങ്ങിൽ ഇറക്കി നിർത്തിയത്. മൂന്ന്‌ സഹോദരങ്ങൾ  ഒന്നിച്ചഭിനയിക്കുന്ന നാടകങ്ങൾ അന്ന് കരിവെള്ളൂർ പുത്തൂരിലും ഏറ്റുകുടുക്കയിലുമെല്ലാം പതിവായിരുന്നു’’–- കരിവെള്ളൂർ മുരളി കുറിക്കുന്നു. എഴുത്തുകാരൻ, നാടക രചയിതാവ്, സംവിധായകൻ, സാമൂഹ്യപ്രവർത്തകൻ തുടങ്ങിയ മേഖലകളിൽ വ്യാപരിച്ച ഉത്സാഹിയായിരുന്നു മുരളി മാഷ്‌. സാന്ത്വന പരിചരണ രംഗത്തും സജീവം.  ഐആർപിസി പെരിങ്ങോം സോണൽ ചെയർമാനായും കൺവീനറായും  പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്‌ മാലിന്യ നിർമാർജന പദ്ധതിയായ ‘തെളിമ’യുടെ ബ്ലോക്ക്‌ കോർകമ്മിറ്റി കൺവീനറായും പ്രവർത്തിച്ചു.  ‘മാന്യമഹാജനങ്ങളെ’ പേരിൽ പ്രസംഗ കലയെ അടിസ്ഥാനമാക്കിയും പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എപ്പോഴും മായാത്ത ചിരിയും സ്നേഹപൂർണമായ പെരുമാറ്റവുമായിരുന്നു മാഷ്‌. നിലാവുപോലെ തെളിച്ചമുള്ളൊരാൾ.     Read on deshabhimani.com

Related News