ഷട്ടിൽ കോർട്ടിൽ 
ട്രീസയുടെ ജൈത്രയാത്ര

ട്രീസ ജോളി


പിണറായി ഷട്ടില്‍ കോര്‍ട്ടുകളില്‍ ഇടിമുഴക്കമുള്ള സ്മാഷും തൂവല്‍സ്പര്‍ശമുള്ള പ്ലേസുമായി നാടിന്റെ അഭിമാനമായി മാറുകയാണ് ട്രീസ. ലഖ്‌നൗവിൽ നടന്ന സയിദ് മോദി ഇന്റർനാഷണൽ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിൽ  തലശേരി ബ്രണ്ണൻ കോളേജ് ബിബിഎ വിദ്യാർഥിനിയായ ട്രീസ ജോളി ശ്രദ്ധേയ നേട്ടം സ്വന്തമാക്കി. വുമൺ ഡബിൾസിൽ ട്രീസ, ഗായത്രി ഗോപീചന്ദ് കൂട്ടുകെട്ടാണ് റണ്ണറപ്പായത്. മലേഷ്യയുടെ എസിയിക് ചോങ്, ടിയോ മെയ്ക്സിങ് എന്നിവരായിരുന്നു എതിരാളികൾ. കണ്ണൂർ സർവകലാശാല  നടപ്പാക്കിയ സ്റ്റുഡന്റ്‌ ദത്തെടുക്കൽ പദ്ധതി പ്രകാരമാണ് ട്രീസയുടെ വിദ്യാഭ്യാസവും പരിശീലനവും.  ഹൈദരാബാദിലെ ഗോപീചന്ദ് കായിക അക്കാദമിയിലാണ്‌ പരിശീലനം നടത്തുന്നത്‌.  ലോക റാങ്കിങ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് 18 വയസ്സുകാരി ട്രീസ. കേരള ബാഡ്മിന്റൺ അസോസിയേഷൻ  ട്രീസയുടെ മികവ് തിരിച്ചറിഞ്ഞ് ഒരു മാസത്തെ വിദഗ്‌ധ പരിശീലനത്തിന് ഇന്തോനേഷ്യയിലേക്ക്‌ അയച്ചിരുന്നു. അണ്ടർ–- 15-ൽ സബ് ജൂനിയർ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി പങ്കെടുത്തു. റഷ്യയിൽ നടന്ന ജൂനിയർ വേൾഡ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.  ബംഗ്ലാദേശിൽ നടന്ന ഇന്റർനാഷണൽ ടൂർണ്ണമെന്റിൽ സിംഗിൾസിലും ഡബിൾസിലും ചാമ്പ്യനായി. ദുബായിൽ നടന്ന ഇന്റർനാഷണൽ ടൂർണ്ണമെന്റിൽ  മൂന്നാം സ്ഥാനം നേടി. 2021–--ൽ ഡെൻമാർക്കിൽ നടന്ന തോമസ് ആൻഡ് ഹ്യൂബർ കപ്പിൽ ഇന്ത്യൻ സീനിയർ ടീമിനെ പ്രതിനിധീകരിച്ച് ക്വാർട്ടർ ഫൈനലിലെത്തി. പോളണ്ടിലെ ഇന്റർനാഷണൽ ചലഞ്ച് ടൂർണമെന്റിൽ റണ്ണറപ്പായി. ഇന്ത്യയിൽ നടന്ന ഇൻഫോസിസ് ഇന്റർനാഷണൽ ടൂർണമെന്റിൽ ചാമ്പ്യനായി. യുകെയിൽ നടന്ന ഇന്റർനാഷണൽ ടൂർണമെന്റിൽ റണ്ണറപ്പായി. സംസ്ഥാന സ്പോർട്സ് കൗൺസിൽ നൽകുന്ന  സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്. എട്ടാം ക്ലാസിൽ പഠിക്കുന്ന കാലത്ത്‌ കണ്ണൂർ സർവകലാശാല കായിക മേധാവി അനിൽ രാമചന്ദ്രന്റെ കീഴിലായിരുന്നു പരിശീലനം. മുൻ കായികാധ്യാപകൻകൂടിയായ അച്ഛൻ ജോളി മാത്യുവാണ്‌ ട്രീസയെ പരിശീലിപ്പിക്കുന്നത്‌. ചെറുപുഴ സ്വദേശിയാണ് ട്രീസ. ഏക സഹോദരി മറിയ ബാഡ്മിന്റൺ സബ് ജൂനിയർ സംസ്ഥാന ചാമ്പ്യനാണ്. അമ്മ ഡയ്സി ചെറുപുഴ സെന്റ്‌ ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ്. ട്രീസ ജോളിയുടെ സഹകളിക്കാരി ദേശീയ ബാഡ്മിന്റൺ ചീഫ് കോച്ച് പുല്ലേല ഗോപീചന്ദിന്റെ മകൾ ഗായത്രി ഗോപീചന്ദാണ്.  Read on deshabhimani.com

Related News