സൂക്ഷിക്കുക, ഒളിക്യാമറയുമായി ‘മനോരോഗികൾ’പിന്നാലെയുണ്ട്‌



തലശേരി> പൊതുസ്ഥലങ്ങളിൽ അതിരുവിട്ട സ്‌നേഹസൗഹൃദം പ്രകടിപ്പിക്കുന്നവർ സൂക്ഷിക്കുക. ഒളിക്യാമറയുമായി ‘മനോരോഗികൾ’ പിന്നാലെയുണ്ട്‌. ഉദ്യാനങ്ങൾ, ബസ്‌സ്‌റ്റാൻഡുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച്‌ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുന്ന സംഘം പിടിയിലായതോടെയാണ്‌ വിവരം പുറത്തുവന്നത്‌. തലശേരി ഓവർബറീസ്‌ ഫോളിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽനിന്ന്‌ ദൃശ്യങ്ങൾ പകർത്തിയവരാണ്‌ അറസ്‌റ്റിലായത്‌. കമിതാക്കളുടെയും ദമ്പതിമാരുടെയും സ്വകാര്യതയിലേക്കാണിവർ ഒളിക്യാമറ തിരിച്ചത്‌. ദൃശ്യങ്ങൾ പ്രത്യേക ഗ്രൂപ്പുവഴി പ്രചരിപ്പിക്കുകയും ചെയ്‌തു. സെന്റിനറി പാർക്കിലെത്തിയ കമിതാക്കളുടെ ദൃശ്യം നവമാധ്യമങ്ങളിൽ വൈറലായതോടെയാണ്‌ പൊലീസ്‌ അന്വേഷിച്ചത്‌. സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിലാണ്‌ കുറ്റവാളികളെ കണ്ടെത്തിയത്‌. അശ്ലീല സൈറ്റുകളിലും ദൃശ്യം അപ്‌ലോഡ്‌ ചെയ്‌തതായി പൊലീസ്‌ പറഞ്ഞു. തലശേരി കോട്ട, സീവ്യുപാർക്ക്‌ എന്നിവിടങ്ങളിൽനിന്നടക്കം ദൃശ്യം ചിത്രീകരിച്ചിട്ടുണ്ട്‌. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പ്രത്യേക ഇടങ്ങളിലാണ്‌ ഇവർ ഒളിക്യാമറ സ്ഥാപിക്കുന്നത്‌. ഉദ്യാനങ്ങളിൽ പകൽ എത്തുന്നവരിലേറെയും വിദ്യാർഥികളാണ്‌. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പൊലീസ്‌ നിരീക്ഷണം ശക്തമാക്കി. 2 പേർ കൂടി അറസ്‌റ്റിൽ വിനോദസഞ്ചാര കേന്ദ്രത്തിൽനിന്ന്‌ കമിതാക്കളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച്‌ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ രണ്ടുപേർ കൂടി അറസ്‌റ്റിൽ. കാർപ്പന്ററായി ജോലിചെയ്യുന്ന ഭിന്നശേഷിക്കാരനായ പന്ന്യന്നൂരിലെ വിജേഷ്‌ (30), സ്വകാര്യ ബസ്‌ കണ്ടക്‌ടർ മഠത്തുംഭാഗം പാറക്കെട്ടിലെ അനീഷ്‌ (34) എന്നിവരെയാണ്‌ പൊലീസ്‌ പിടികൂടിയത്‌. വിജേഷ്‌ ചിത്രീകരിച്ച ദൃശ്യം അനീഷാണ്‌ മറ്റുള്ളവർക്ക്‌ വിതരണംചെയ്‌തതെന്ന്‌ പൊലീസ്‌ പറഞ്ഞു. സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്‌. കഴിഞ്ഞ ദിവസം മൂന്നുപേരെ കൂടി അറസ്റ്റ് ചെയ്തിരുന്നു Read on deshabhimani.com

Related News