അടിയന്തര സുരക്ഷയൊരുക്കി ജില്ലാ ഭരണസംവിധാനം



കണ്ണൂർ മുംബൈയിൽനിന്ന്‌ തിരുവനന്തപുരത്തേക്കുള്ള ട്രെയിനിന്‌ കണ്ണൂരിൽ മുന്നറിയിപ്പില്ലാതെ സ്‌റ്റോപ്പനുവദിച്ചത്‌ ജില്ലാ അധികൃതരെയും ആരോഗ്യപ്രവർത്തകരെയും കുഴക്കി. യുദ്ധകാലാടിസ്ഥാനത്തിൽ ഉണർന്നു പ്രവർത്തിച്ച്‌ സജ്ജീകരണങ്ങളൊരുക്കിയതിനാൽ പ്രശ്‌നങ്ങൾ ഒഴിവാക്കാനായി. പരിശോധനയ്‌‌ക്കും മറ്റുമായി അടിയന്തര സൗകര്യങ്ങളൊരുക്കി.  കണ്ണൂർ, കോഴിക്കോട്‌‌, കാസർകോട്‌, വയനാട്, മലപ്പുറം‌ ജില്ലകളിലുള്ളവർ കണ്ണൂരിൽ ഇറങ്ങുമെന്നാണ്‌ അടിയന്തര അറിയിപ്പ്‌ ലഭിച്ചത്‌‌.  152 യാത്രക്കാരാണ്‌ കണ്ണൂരിൽ ഇറങ്ങിയത്‌. രോഗലക്ഷണമുള്ള ഒരാളെ ആശുപത്രിയിലാക്കി.  വെള്ളിയാഴ്‌ച രാത്രി പത്തിനാണ്‌ മുംബൈ ലോകമാന്യതിലകിൽനിന്ന്‌ തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ പുറപ്പെട്ടത്‌. എറണാകുളത്തും തിരുവനന്തപുരത്തും മാത്രം സ്‌റ്റോപ്പുണ്ടാകുമെന്നാണ്‌ അറിയിച്ചിരുന്നത്‌. കണ്ണൂരിൽ സ്‌റ്റോപ്പ്‌ അനുവദിച്ചതായി ശനിയാഴ്‌ച പകൽ പതിനൊന്നരയോടെയാണ്‌ വിവരം ലഭിച്ചത്‌‌. ഒരു മണിക്കാണ്‌‌ ട്രെയിൻ കണ്ണൂരിലെത്തേണ്ടിയിരുന്നത്‌.  അടിയന്തര സാഹചര്യം നേരിടാൻ ജില്ലാ ഭരണസംവിധാനം ഒറ്റക്കെട്ടായി രംഗത്തിറങ്ങി. ട്രെയിനിറങ്ങുന്നവരെ വിവിധ സ്ഥലങ്ങളിലെത്തിക്കുന്നതിന്‌ 15 കെഎസ്‌ആർടിസി ബസ്സുകൾ സജ്ജമാക്കി. രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയിലേക്ക്‌ മാറ്റുന്നതിന്‌ ആംബുലൻസുകളും ഒരുക്കി.  രണ്ടുമണിക്കൂർ വൈകി 2.50നാണ്‌ ട്രെയിൻ കണ്ണൂരിലെത്തിയത്‌. കണ്ണൂർ–- 56, കാസർകോട്‌–- 72, കോഴിക്കോട്‌ –- 17, വയനാട്‌–- 5, മലപ്പുറം –- 1, തമിഴ്‌നാട്‌ –-1 എന്നിങ്ങനെയാണ് ‌കണ്ണൂരിൽ ഇറങ്ങിയ യാത്രക്കാരുടെ എണ്ണം.  സുരക്ഷാ വസ്‌ത്രങ്ങളണിഞ്ഞവർക്കുമാത്രമാണ്‌ പ്ലാറ്റ്‌ഫോമിൽ പ്രവേശനം അനുവദിച്ചത്‌. ഇവരാണ്‌ പരിശോധന നടത്തിയതും വിവിധ സ്ഥലങ്ങളിലേക്കുള്ളവരുടെ ലിസ്‌റ്റ്‌ തയ്യാറാക്കിയതും. ആറ് മെഡിക്കൽ സംഘങ്ങളുടെ നേതൃത്വത്തിലാണ്‌ തെർമൽ സ്‌ക്രീനിങ്ങിനു വിധേയമാക്കിയത്‌.  പ്രാഥമിക പരിശോധനകൾക്കുശേഷം മറ്റു ജില്ലകളിലുള്ളവരെ ബസ്സിൽ അതാതിടങ്ങളിലേക്ക്‌ അയച്ചു. കണ്ണൂർ ജില്ലക്കാരെ വീടുകളിലും കൊറോണ കെയർ സെന്ററിലേക്കും അയച്ചു.  കലക്ടർ ടി വി സുഭാഷ്, ജില്ലാ പൊലീസ്‌ മേധാവി യതീഷ് ചന്ദ്ര,  ഡിഎംഒ  നാരായണ നായ്ക് എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. Read on deshabhimani.com

Related News