കൂട്ടുപുഴ പാലം ഉദ്‌ഘാടനം 31ന്‌

31ന്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനം ചെയ്യുന്ന കൂട്ടുപുഴ പാലം


 ഇരിട്ടി തലശേരി–- ബംഗളൂരു അന്തർസംസ്ഥാന പാതയിൽ സംസ്ഥാന അതിർത്തിയായ കൂട്ടുപുഴയിൽ നിർമിച്ച പുതിയ പാലം 31ന്‌ രാവിലെ ഒമ്പതിന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനം ചെയ്യും. നവീകരിച്ച തലശേരി–- വളവുപാറ  കെഎസ്‌ടിപി റോഡ്‌ നവീകരണ പദ്ധതിയിൽ പുതുതായി നിർമിച്ച ഏഴ് വലിയ പാലങ്ങളിലൊന്നാണ്‌ കൂട്ടുപുഴയിലേത്‌. 53.12 കിലോമീറ്റർ റോഡിലെ എരഞ്ഞോളി പാലവും 31ന്‌ പകൽ പത്തരക്ക്‌ മന്ത്രി ഗതാഗതത്തിന്‌ തുറക്കും.   2017ൽ നിർമാണമാരംഭിച്ച കൂട്ടുപുഴ പാലം പ്രവൃത്തി കർണാടക വനംവകുപ്പിന്റെ തടസ്സവാദത്തിൽ നാലുവർഷം മുടങ്ങി.  കേന്ദ്ര പരിസ്ഥിതി മന്ത്രാലയംവരെ നീണ്ട ചർച്ചകൾക്കുശേഷമാണ്‌ കേരളം കൂട്ടുപുഴ പാലം നിർമാണത്തിലെ തടസ്സങ്ങൾ നീക്കിയത്‌. 1928ൽ ബ്രിട്ടീഷുകാർ നിർമിച്ച പഴയ കൂട്ടുപുഴ പാലത്തിൽ  വീതിക്കുറവിന്റെയും കാലപ്പഴക്കത്തിന്റെയും പ്രശ്‌നങ്ങളുണ്ട്‌.  കൊടുംവളവിലാണ്‌ പാലമെന്നതും യാത്രാപ്രയാസമുണ്ടാക്കിയിരുന്നു. ഇതിനെല്ലാം പരിഹാരമായാണ്‌ പുതിയ പാലം.  ദേശീയ പാതയാക്കാൻ നിർദേശമുയർന്ന മൈസൂരു–- കുടക്‌ പാതയിൽ കർണാടകത്തിന്‌ കേരളത്തിലേക്കുള്ള പ്രധാന കവാടമാവും കൂട്ടുപുഴ പാലം. Read on deshabhimani.com

Related News