കർഷകപ്രക്ഷോഭത്തിൽ 
കോൺഗ്രസിന്‌ കാഴ്‌ചക്കാരുടെ റോൾ മാത്രം: ഇ പി

സി പി ഐ എം ആലക്കോട് ഏരിയ സമ്മേളനം കരുവഞ്ചാലിൽ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു


ആലക്കോട്‌  ഐതിഹാസികമായ കർഷകപ്രക്ഷോഭത്തിന്‌ ദിശാബോധം പകർന്നതും ഐക്യം ഊട്ടിയുറപ്പിച്ചതും ഇടതുപക്ഷമായിരുന്നുവെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. കോൺഗ്രസ്‌ കാഴ്‌ചക്കാരുടെ റോളിലായിരുന്നു. മൂന്നു കർഷകവിരുദ്ധ ബില്ലുകളും ചർച്ചകൂടാതെ പാസാക്കുന്നതിനെ ഇടതുപക്ഷം ശക്തമായി എതിർത്തപ്പോൾ കോൺഗ്രസ്‌ അംഗങ്ങൾ പാർലമെന്റിൽനിന്ന്‌ ഇറങ്ങിപ്പോകുകയായിരുന്നു.  കർഷകരുടെയും തൊഴിലാളികളുടെയും സംഘടിതശക്തിക്കു മുന്നിൽ പിടിച്ചുനിൽക്കാനാവില്ലെന്ന്‌ ബോധ്യപ്പെട്ടതിനാലാണ്‌ മൂന്നുനിയമങ്ങളും പിൻവലിക്കാൻ മോദി നിർബന്ധിതമായതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ആലക്കോട്‌  ഏരിയാ സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു ഇ പി. കേരളത്തിന്റെ വികസനം തകർക്കാനുള്ള യുഡിഎഫ്‌ നീക്കം വിലപ്പോകില്ല. വികസനത്തിന്‌ തുരങ്കംവയ്‌ക്കുന്ന യുഡിഎഫ്‌ സമരങ്ങളെ ജനങ്ങൾ അവജ്ഞയോടെ തള്ളും. ജനക്ഷേമ പ്രവർത്തനത്തിനും വികസനത്തിനുമുള്ള അംഗീകാരമാണ്‌ എൽഡിഎഫ്‌ തുടർഭരണം. ഇതിനു തടസ്സം നിൽക്കുന്നവർ ജനവിരുദ്ധരാണ്‌.  1957ലെ  ഇ എം എസ്‌ സർക്കാരിനെ പുറത്താക്കാൻ വിമോചനസമരം നടത്തിയവരുടെ ലക്ഷ്യവും വികസനം മുടക്കുകയെന്നതായിരുന്നു.  ഭൂരിപക്ഷമുള്ള ആ സർക്കാരിനെ പിരിച്ചുവിട്ടത്‌ ജനക്ഷേമകരമായ പ്രവർത്തനം നടത്തിയതിനാണ്‌. അതിന്റെ തുടർച്ചയാണ്‌ ഇപ്പോഴത്തെ യുഡിഎഫ്‌ സമരങ്ങളെന്നും ഇ പി ജയരാജൻ പറഞ്ഞു.   Read on deshabhimani.com

Related News