സമാന്തര കമ്മിറ്റിയുമായി മുന്നോട്ടുപോകും



കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ അച്ചടക്ക നടപടി തളിപ്പറമ്പിലെ മുസ്ലിംലീഗ്‌ വിമതർ തള്ളി. നടപടി ഏകപക്ഷീയമാണെന്നും അംഗീകരിക്കില്ലെന്നും പറഞ്ഞ വിമതർ, സമാന്തര കമ്മിറ്റിയുമായി മുന്നോട്ടുപോകുമെന്നും അറിയിച്ചു.  സംസ്ഥാന നേതൃത്വത്തിന്റെ  നിർദേശപ്രകാരം ചൊവ്വാഴ്‌ച രാത്രി ചേർന്ന അടിയന്തര  ജില്ലാ ഭാരവാഹി യോഗമാണ്‌  അഞ്ചു വിമതനേതാക്കൾക്കെതിരെ നടപടി തീരുമാനിച്ചത്‌. സമാന്തര കമ്മിറ്റി രൂപീകരിച്ച്‌ വാർത്താസമ്മേളനത്തിലൂടെ  പ്രഖ്യാപിച്ച പി എ സിദ്ദിഖ്‌, കെ മുഹമ്മദ്‌ ബഷീർ, പി എം മുസ്‌തഫ, പി പി ഇസ്‌മയിൽ, സി മുഹമ്മദ്‌ സിറാജ്‌ എന്നിവർ രണ്ടുദിവസത്തിനകം പുതിയ സ്ഥാനങ്ങൾ രാജിവച്ച്‌ ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട്‌ ചെയ്യണം. അല്ലെങ്കിൽ പാർടിയിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്യാനാണ്‌ തീരുമാനം.   കഴിഞ്ഞദിവസം ജില്ലാ ഭാരവാഹി യോഗത്തിലേക്ക്‌ ഇരച്ചുകയറി  നേതാക്കളോട്‌ അപമര്യാദയായി പെരുമാറിയ പറമ്പിൽ അബ്‌ദുൾ റഹ്‌മാൻ, എൻ യു ശഫീക്ക്‌, ഓലിയൻ ജാഫർ, കെ പി നൗഷാദ്‌, ബാപ്പു അഷറഫ്‌  എന്നിവരെയും സസ്‌പെൻഡ്‌ ചെയ്യും. തളിപ്പറമ്പിലെ വിഭാഗീയ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്ന മഹമ്മൂദ്‌ അള്ളാംകുളം, പി കെ സുബൈർ, സി പി വി അബ്‌ദുള്ള, പി മുഹമ്മദ്‌ ഇക്‌ബാൽ എന്നിവർക്ക്‌ കാരണം കാണിക്കൽ  നോട്ടീസും നൽകി. പാർടി അച്ചടക്ക  ലംഘനത്തിന്‌  നടപടിയെടുക്കാതിരിക്കാൻ  കാരണമുണ്ടെങ്കിൽ മൂന്ന്‌  ദിവസത്തിനകം മറുപടി നൽകണമെന്നാണ്‌ നോട്ടീസിൽ. എന്നാൽ, ഇത്തരം ഓലപ്പാമ്പുകൾ കാട്ടി വിരട്ടാൻ നോക്കേണ്ടെന്ന നിലപാടിലാണ്‌ വിമതവിഭാഗം. മാഫിയകളെ ഒറ്റപ്പെടുത്തി പാർടിയെ ശുദ്ധീകരിക്കാനാണ്‌ സമാന്തര കമ്മിറ്റിക്കു രൂപം നൽകിയതെന്ന്‌ ജനറൽ സെക്രട്ടറി കെ മുഹമ്മദ്‌ ബഷീർ വ്യക്തമാക്കി. തളിപ്പറമ്പിലെ ഭൂരിപക്ഷം പ്രവർത്തകരുടെയും പിന്തുണ തങ്ങൾക്കാണെന്നും അദ്ദേഹം പറഞ്ഞു.    ലീഗ്‌ ജില്ലാ നേതൃത്വത്തെ  വെല്ലുവിളിച്ച്‌  തളിപ്പറമ്പിൽ വിമതരുടെ ശക്തിപ്രകടനവും നടന്നു.  തളിപ്പറമ്പ്‌ മന്നയിൽ പുതിയ ഓഫീസും   തുറന്നു. Read on deshabhimani.com

Related News