അത്രമേൽ ചന്തം ഹൃദയഭാഷയ്‌ക്ക്‌

സിഷ്ണ ആശുപത്രി റിസപ്ഷൻ കൗണ്ടറിലെ ജോലിക്കിടെ


തലശേരി കണ്ണൂർ മിംസ്‌ ആശുപത്രിയിലെ റിസപ്‌ഷൻ കൗണ്ടറിൽ ടോക്കൺ നൽകുന്ന തിരക്കിലാണ്‌ സിഷ്‌ണ. ടോക്കണിലെ നമ്പർ ഉറപ്പുവരുത്തി ആംഗ്യഭാഷയിൽ അച്ഛൻ ആനന്ദകൃഷ്ണന്‌ സന്ദേശം കൈമാറി നിമിഷവേഗത്തിൽ ജോലി തീർക്കുകയാണ്‌ . ജീവിതം വലിയ ചോദ്യങ്ങളുമായി  മുന്നിൽനിന്നപ്പോൾ എല്ലാത്തിനും ആംഗ്യഭാഷയിൽ ഉത്തരം നൽകി മുന്നോട്ടു നടക്കുകയാണ്‌ ഈ ഇരുപത്തെട്ടുകാരി.  രണ്ടുവർഷമായി ആശുപത്രി റിസപ്‌ക്ഷൻ കൗണ്ടറിൽ ജോലി ചെയ്യുകയാണ്‌ സിഷ്‌ണ. കാണാനും കേൾക്കാനും സംസാരിക്കാനും കഴിയാത്ത പെൺകുട്ടി എങ്ങനെ ജോലി ചെയ്യുമെന്ന്‌ സംശയിച്ചവർക്കെല്ലാം ടാക്‌ടൈൽ ആംഗ്യ ഭാഷയിലൂടെയാണ്‌ സിഷ്‌ണയുടെ ജീവിതം മറുപടി പറഞ്ഞത്‌. മാസം തികയാത്തതിനാൽ  ജനിക്കുമ്പോഴേ സിഷ്‌ണയുടെ  ഹൃദയത്തിന് തകരാറുണ്ടായിരുന്നു. രണ്ട് മാസം കഴിഞ്ഞതോടെ രണ്ട് കണ്ണിനും തിമിരം ബാധിച്ചു. രണ്ടാം വയസ്സിൽ ഹൃദയശസ്ത്രക്രിയയും നടത്തി.  മൂന്നരവയസ്സുവരെ ഫിസിയോതെറാപ്പി. ഇതിനിടെ കേൾവിശക്തിയും ഇല്ലെന്ന് മനസ്സിലായി.  പത്ത് വയസ്സാകുമ്പോഴേക്കും പൂർണമായും കാഴ്‌ച നഷ്ടപ്പെട്ടു.   എല്ലാം  തീർന്നുവെന്നു തോന്നിയിടത്തുനിന്നും അച്ഛൻ ആനന്ദകൃഷ്ണനും അമ്മ പ്രീതയും ചേർന്നാണ്‌ സിഷ്‌ണയെ കൈപിടിച്ചുയർത്തിയത്‌. അവളുടെ കുഞ്ഞു സ്വപ്നങ്ങൾക്ക് ചിറകുനൽകാനായി മുംബെെയിലെ ജോലിയും ഉപേക്ഷിച്ച്‌ അച്ഛൻ നാട്ടിലേക്ക്‌ മടങ്ങി. മുംബൈ ഹെലൻ കെല്ലർ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന്‌ പഠനം. പവർ ബ്രെയിലി ഉപയോഗിച്ച് മൊബൈലും കംപ്യൂട്ടറും ഉപയോഗിക്കാൻ സിഷ്‌ണ പ്രാവീണ്യംനേടി.  അവൾക്കൊപ്പം സ്‌പർശനത്തിലൂടെ സംവദിക്കാനാവുന്ന ടാക്‌ടൈൽ ആംഗ്യ ഭാഷ അച്ഛനും അമ്മയും പഠിച്ചു. അകക്കണ്ണിന്റെ കാഴ്ചകൊണ്ട്‌  സിഷ്‌ണ നിർമിച്ച  കരകൗശല വസ്തുക്കളാണ്‌ വീട്ടിൽ നിറയെ. പൂക്കൾ, പേപ്പർ ബാഗുകൾ,  കുടകൾ തുടങ്ങി കരവിരുതിന്റെ വിസ്‌മയമാണ്‌ എല്ലാം. 28 വയസ്സുകാരി സിഷ്ണയുടെ ജീവിതം ആസ്പദമാക്കി സഞ്‌ജയ് അമ്പലപ്പറമ്പത്ത്‌  എഴുതിയ നോവൽ ‘കൺമണി’ വായനക്കാർ ഏറ്റെടുത്തു കഴിഞ്ഞു. Read on deshabhimani.com

Related News