അരങ്ങിൽ നിറഞ്ഞ്‌ ‘പുകയുന്ന കാലം’

പയ്യന്നൂരിലെ ചുമട്ടുതൊഴിലാളികൾ അവതരിപ്പിച്ച നാടകം ‘പുകയുന്ന കാലം’


പയ്യന്നൂർ മദ്യവും മയക്കുമരുന്നും കടന്നുവരുന്ന വഴികളിലൂടെയുള്ള സഞ്ചാരമാണ് പയ്യന്നൂർ പെരുമ്പയിലെ ചുമട്ട്തൊഴിലാളികൾ അരങ്ങിലെത്തിച്ച "പുകയുന്ന കാലം' എന്ന തെരുവ് നാടകം. ജില്ലയിലെ 18 വേദികളിൽ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റുകയാണ് 15 മിനിറ്റ്‌ ദൈർഘ്യമുള്ള നാടകം. ചുമട്ട്തൊഴിലാളി ക്ഷേമ ബോർഡ് പയ്യന്നൂർ ഉപകാര്യാലയം ലഹരിക്കെതിരെ നടത്തിയ ക്യാമ്പയിന്റെ ഭാഗമായാണ് നാടകം അരങ്ങിലെത്തിയത്.  മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ മൂന്നംഗ സംഘത്തിനിടയിലേക്ക് അജയൻ എന്ന നാട്ടിലെ പൊതുപ്രവർത്തകനെത്തുന്നു. ഇവർക്കെതിരെ പ്രതികരിച്ച അജയനെ കെണിയിലാക്കാൻ മയക്കുമരുന്ന്‌ മിഠായി സംഘാംഗങ്ങൾ നൽകുന്നു. അജയൻ ഇത് കഴിക്കുന്നതോടൊപ്പം  അവിടെയെത്തിയ സംഘത്തിലെ ഒരാളുടെ കുട്ടിക്കും  മിഠായി നൽകുന്നു. കുട്ടി ലഹരി തലക്ക് പിടിച്ച് അപകടത്തിൽപ്പെട്ട് മരിക്കുന്നു. അജയന് ഒന്നും തിരിച്ചറിയാൻ കഴിയുന്നില്ല. പിന്നീട് കുട്ടി മരിക്കാൻ കാരണക്കാരൻ താനാണെന്ന കുറ്റബോധം കാരണം മാനസികനില തെറ്റി നാട്ടിൽ അലയുന്നു. ധനേഷ് മല്ലിയോട്ട് രചനയും സംവിധാനവും നിർവഹിച്ച നാടകത്തിന്‌ ശബ്ദം നൽകിയത് മണിക്കുട്ടൻ കാനായിയാണ്.  സംഗീത സംവിധാനവും പോസ്റ്റർ ഡിസൈനും അനുരാജ് കണിയേരി. അജയൻ മല്ലിയോട്ട്, ഗിരീശൻ ചിറ്റാരികൊവ്വൽ, രഞ്‌ജിത്ത് കോറോം, വിനോദ് കാനായി മീങ്കുഴി, ഫക്രുദീൻ കിഴക്കേകൊവ്വൽ, നിവേദ്യ അജയൻ മല്ലിയോട്ട് എന്നിവരാണ് അരങ്ങിലെത്തുന്നത്. ഫോൺ: 9544040036, 7012185732. Read on deshabhimani.com

Related News