പ്രതിഷേധവുമായി കർഷകരും തൊഴിലാളികളും

കാട്ടാനയാക്രമണത്തിൽനിന്ന്‌ ജനങ്ങളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ കുടകിലെ കർഷകരും തൊഴിലാളികളും ജില്ലാ ആസ്ഥാനമായ മടിക്കേരിയിൽ റോഡ്‌ ഉപരോധിക്കുന്നു


മടിക്കേരി(കർണാടകം) കാട്ടാനയാക്രമണം തടയണമെന്നാവശ്യപ്പെട്ട്‌ കർഷകസംഘം, സിഐടിയു നേതൃത്വത്തിൽ കുടക്‌ ജില്ലാ ആസ്ഥാനത്തേക്ക്‌ ബഹുജന മാർച്ചും റോഡ്‌ ഉപരോധവും വനം എസിഎഫ്‌ ഓഫീസ്‌ പിക്കറ്റിങ്ങും നടത്തി. നൂറുകണക്കിന്‌ ആദിവാസികളും പ്ലാന്റേഷൻ തൊഴിലാളികളും കർഷകരും അണിനിരന്നു.    ഇതിനകം 125 പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്‌. രണ്ടുപേരെ പുലി കൊന്നു. ജീവിതം അരക്ഷിതമാണെന്നും പ്രതിരോധം വേണമെന്നും ആവശ്യപ്പെട്ടാണ്‌ ജനങ്ങൾ തെരുവിലിറങ്ങിയത്‌. വന്യമൃഗാക്രമണത്തിൽ ഗുരുതര പരിക്കേറ്റവർക്കും കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കും കൃഷി നഷ്ടപ്പെട്ടവർക്കും കേരള മാതൃകയിൽ നഷ്ടപരിഹാരം നൽകണമെന്നും പ്രക്ഷോഭത്തിൽ ആവശ്യമുയർന്നു.  കർഷകസംഘം കുടക്‌ ജില്ലാ പ്രസിഡന്റ്‌ മനു സുമയ്യ ഉദ്‌ഘാടനം ചെയ്‌തു. സിഐടിയു ജില്ലാ സെക്രട്ടറി പി ആർ ഭരത്‌, തോട്ടംതൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എൻ ഡി കുട്ടപ്പൻ, ജനറൽ വർക്കേഴ്‌സ്‌ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എച്ച്‌ പി രമേശ്‌ എന്നിവർ സംസാരിച്ചു. വനം എസിഎഫുമായി നടത്തിയ ചർച്ചയെ തുടർന്ന്‌ പിക്കറ്റിങ് അവസാനിപ്പിച്ചു. നഷ്ടപരിഹാരം, സുരക്ഷാ നടപടികൾ, ജനവാസ മേഖലകളിൽനിന്ന്‌ കാട്ടാനകളെ തുരത്തൽ തുടങ്ങിയ വിഷയങ്ങളിൽ ഉടൻ തീരുമാനമെടുക്കുമെന്ന്‌ അധികൃതർ ചർച്ചയിൽ ഉറപ്പുനൽകി.   Read on deshabhimani.com

Related News