ഇങ്ങനെ നശിക്കാൻ വിടണോ

കണ്ണൂർ മുനിസിപ്പൽ ബസ്‌സ്‌റ്റാൻഡ്‌


കണ്ണൂർ കഥകളിലെ പ്രേതാലയത്തിന്റെ അന്തരീക്ഷമാണ്‌ ഇരുട്ടിയാൽ കണ്ണൂർ പഴയ ബസ്‌സ്റ്റാൻഡിന്‌. പൂർണവെളിച്ചമുള്ള ഒരു വൈദ്യുത വിളക്ക്‌ പോലും ഇവിടെയില്ല. ഇളകുന്ന സ്ലാബുകളിലൂടെ നടക്കാൻ പ്രയാസം. ബസ്‌ കാത്തുനിൽക്കുന്നവരുടെ തലയിലേക്ക്‌ കെട്ടിടത്തിൽനിന്ന്‌ ഒലിച്ചിറങ്ങുന്ന മലിന ജലം. എല്ലാം സഹിച്ച്‌ ബസ്‌ വരുന്നതുവരെ നിൽക്കാമെന്ന്‌ കരുതിയാൽ സാമൂഹ്യവിരുദ്ധരുടെയും മദ്യപരുടെയും തുറിച്ചുനോട്ടം, ബഹളം, അടിപിടി. എല്ലാ അവശതയും പേറി ദ്രവിച്ചുനിൽക്കുന്ന പഴയ ബസ്‌സ്‌റ്റാൻഡ്‌ കോംപ്ലക്‌സിന്റെ ദൃശ്യം  മാത്രം മതി കണ്ണൂർ കോർപ്പറേഷൻ ജനങ്ങളോട്‌ കാണിക്കുന്ന അവഗണന തിരിച്ചറിയാൻ. വികസനത്തിലേക്ക്‌ കണ്ണൂർ കുതിക്കുന്നുവെന്ന്‌ കൊട്ടിഘോഷിക്കുന്ന  അധികൃതർക്ക്‌ കോർപ്പറേഷൻ ഓഫീസിന്‌ തൊട്ടടുത്തുള്ള ബസ്‌സ്‌റ്റാൻഡിൽ ജനം അനുഭവിക്കുന്ന ദുരിതം ഒരു പ്രശ്‌നമേയല്ല. അത്യാധുനിക വാണിജ്യ സമുച്ചയമാക്കി മാറ്റുമെന്ന്‌  വാഗ്‌ദാനമല്ലാതെ അതിനുവേണ്ടി ഒരു നടപടിയും  എടുത്തിട്ടില്ല. നഗരത്തിലെ പ്രധാന കച്ചവട കേന്ദ്രവും സാധാരണക്കാരും ജീവനക്കാരും  യാത്രയ്‌ക്ക്‌ ആശ്രയിക്കുന്നതുമായ കണ്ണൂർ പഴയ  ബസ്‌സ്‌റ്റാൻഡ്‌ എപ്പോഴും തിരക്കുള്ള ഇടമാണ്‌. ബസ്‌ കയറാൻ എത്തുന്നവർക്ക്‌ ഇരിക്കാൻ പോയിട്ട്‌ സമാധാനമായി നിൽക്കാൻ പോലുമുള്ള സാഹചര്യം ഇവിടെയില്ല. ഭക്ഷണാവശിഷ്ടങ്ങളക്കടമുള്ള മാലിന്യം പലയിടങ്ങളിലായി കൂട്ടിയിട്ട നിലയാണ്‌. പടിഞ്ഞാറുഭാഗത്തെ ശുചിമുറിയിൽ മൂക്കുപൊത്താതെ പോകാനാവില്ല. സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായതിനാൽ സ്‌ത്രീകളൊന്നും ഈ ഭാഗത്തേക്ക്‌ പോകാറേയില്ല. പിങ്ക്‌ പൊലീസിന്റെയും പൊലീസിന്റെയും നിരീക്ഷണമുള്ളതു മാത്രമാണ്‌ യാത്രക്കാരുടെ ആശ്വാസം.  ബസ്‌ സ്‌റ്റാൻഡ്‌ കോംപ്ലക്‌സിൽ വാടകമുറികളും വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്‌. കെട്ടിടത്തിന്റെ  ഭൂരിഭാഗവും ചെടികൾ വളർന്നു നിൽക്കുകയാണ്‌. ചില ഭാഗങ്ങൾ കോൺക്രീറ്റ്‌ അടർന്നുവീണ്‌ അപകടാവസ്ഥയിൽ. കൂത്തുപറമ്പ്‌, തലശേരി ബസ്സുകൾ നിർത്തുന്ന സ്ഥലത്ത്‌ ഒരു ഷെൽട്ടർ പോലുമില്ല. കൂറ്റൻ മരത്തിനു ചുവട്ടിലാണ്‌ ബസ്‌ കാത്തിരിപ്പ്‌. മഴ പെയ്‌താൽ  നനഞ്ഞുകുതിരുകയല്ലാതെ നിവൃത്തിയില്ല. Read on deshabhimani.com

Related News