നിറച്ചാർത്തിൽ തലശേരിയുടെ ചുവരുകൾ

സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി തലശേരി പിയർ റോഡിലെ പഴയ കെട്ടിത്തിന്റെ ചുവരുകൾ ചിത്രം വരച്ച് മനോഹരമാക്കിയപ്പോൾ


തലശേരി വർണചിത്രങ്ങൾ വിരിഞ്ഞ ചുവരുകൾക്കരികിലൂടെ കൈകോർത്ത്‌ നടക്കാം.  ഇന്റർലോക്കിട്ട നടപ്പാതയിലെ ചാരുബെഞ്ചിലിരുന്ന്‌ കടൽക്കാറ്റേറ്റ്‌ വിശ്രമിക്കാം. കൊച്ചി ബിനാലെ  മാതൃകയിൽ തലശേരി പിയർറോഡിലെ പണ്ടികശാലകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും ചുമരുകളിൽ നിറങ്ങളിൽ കുളിച്ചുകിടക്കുന്ന ചിത്രങ്ങളാണ്‌. ഉള്ളം നിറക്കുന്ന കാഴ്‌ച കാണാനായി നിരവധി പേരാണ്‌ ഇവിടെയെത്തുന്നത്‌. സിനിമകൾക്ക്‌  പശ്ചാത്തലമായും ഇവിടം മാറുകയാണ്‌.    ജീർണിച്ച കാലുകൾ ബലപ്പെടുത്തി മറൈൻ ബോർഡിന്റെ സഹായത്തോടെ   തലശേരി കടൽപ്പാലം നവീകരിക്കാനുള്ള പഠന റിപ്പോർട്ട് തയ്യാറാക്കുന്നുണ്ട്‌.  ചരിത്രം പിറവിയെടുത്ത തലശേരി കടൽത്തീരത്തിന്റെ മുഖഛായയും മാറി. കടൽത്തീരവും ചേർന്നുള്ള വഴിയോരവും സഞ്ചാരികളെ ആകർഷിക്കും വിധം ഒരുങ്ങിയതോടെ സിനിമാ ചിത്രീകരണവും ആരംഭിച്ചു.    ടൊവിനോ തോമസ് നായകനാവുന്ന പുതിയ സിനിമയുടെ പ്രധാന ലൊക്കേഷൻ ഇവിടമാണ്‌. ചിത്രീകരണത്തിന്‌ പഴക്കമുള്ള കെട്ടിടങ്ങളുടെ ചുവരുകളിൽ വർണചിത്രങ്ങൾ നിറഞ്ഞു കഴിഞ്ഞു.  തെരുവുകൾ മനോഹരമാക്കുന്നതിന്റെ ഭാഗമായി കച്ചവട സ്ഥാപനങ്ങളുടെ ചുവരുകളിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ അടുത്തപടിയായി ചിത്രങ്ങൾ വരക്കും. സിനിമയ്ക്ക് വേണ്ടി തയ്യാറായ ചിത്രച്ചുവരുകളും പെെതൃക പദ്ധതിയിൽ സംരക്ഷിക്കും.    പഴയ പോർട്ട് ഓഫീസ് മുതൽ കടൽപ്പാലം വരെ ഇന്റർലോക്ക് ചെയ്ത നടപ്പാത, കടലിന് അഭിമുഖമായി മുപ്പതോളം ഇരിപ്പിടങ്ങൾ, ചുറ്റിലും അലങ്കാര വിളക്കുകൾ, കടൽത്തീരത്ത് എത്തുന്ന സഞ്ചാരികൾക്ക്  മലബാറിന്റെ രുചി നിറയുന്ന വഴിയോരഭക്ഷണശാലകൾ എന്നിവ സജ്ജമായിക്കഴിഞ്ഞു. തിരമാലകളെ തഴുകുന്ന കാറ്റിൽ സായാഹ്നങ്ങൾ ചെലവഴിക്കാൻ യുവതയുടെ ഒഴുക്ക്‌ തുടങ്ങിക്കഴിഞ്ഞു. സെൽഫിയും റീലുകളുമായി സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്‌ പിയർ റോഡിലെ വർണച്ചുവരുകൾ. Read on deshabhimani.com

Related News