പൊലീസിന് പൊൻതൂവൽ

കുറ്റാന്വേഷണ മികവിന് ബാഡ്ജ് ഓഫ് ഓണർ ബഹുമതി നേടിയ അസി. കമീഷണർ പി പി സദാനന്ദനും ചക്കരക്കൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥരും


ചക്കരക്കൽ കുറ്റാന്വേഷണ മികവിന്‌ കണ്ണൂർ സിറ്റി അസി. കമീഷണർ ഉൾപ്പെടെ പത്ത്‌ പൊലീസ് ഉദ്യോഗസ്ഥർക്ക്‌ ഡിജിപിയുടെ ആദരം.  അസി. കമീഷണർ പി പി സദാനന്ദനും ചക്കരക്കൽ പൊലീസ്‌ സ്‌റ്റേഷനിലെ ഒമ്പത്‌ ഉദ്യോഗസ്ഥർക്കുമാണ്‌ ഡിജിപിയുടെ ബാഡ്‌ജ്‌ ഓഫ്‌ ഓണർ. ഏച്ചൂരിലെ ഷനോജിന്റെ കൊലയാളികളെ കണ്ടെത്തിയതിനാണ് അംഗീകാരം.    2020 ജൂലൈ 22നാണ് ഏച്ചൂർ മാവിലാച്ചാലിലെ കെ ഷനോജിനെ വീടിന്‌ സമീപത്തെ വയലിൽ മരിച്ചനിലയിൽ കണ്ടത്‌. വെള്ളത്തിൽ കമിഴ്ന്ന് കിടന്ന നിലയിലായതിനാൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ്‌ മരിച്ചതെന്നാണ് കരുതിയത്. മൃതദേഹത്തിൽനിന്ന് ലഭിച്ച തലമുടിയാണ് വഴിത്തിരിവായത്.  മാവിലാച്ചാലിലെ സന്തോഷിന്റെ വീടിന് മുന്നിൽ ഷനോജും സുഹൃത്തുക്കളും ചേർന്ന് താലക്കാലിക ഷെഡ് കെട്ടി മദ്യപിച്ചിരുന്നു. ഇത്‌ ചോദ്യംചെയ്‌ത്‌ സന്തോഷ്‌ ഷെഡ്‌ പൊളിച്ചുനീക്കി. തൊട്ടടുത്ത ദിവസം ഷനോജും സുഹൃത്തുക്കളും പുനർനിർമിച്ചു. ഇതിന്റെ പേരിൽ ഷനോജും സന്തോഷുമായി വാക്കേറ്റമുണ്ടായി. ഇതിനിടെ ഷനോജിനെ സന്തോഷ് കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. പിടിവലിക്കിടെ സന്തോഷിന്റെ മുടി ഷനോജിന്റെ നഖത്തിൽ കുടുങ്ങിയിരുന്നു. ഡിഎൻഎ പരിശോധനയടക്കം നടത്തിയാണ് സന്തോഷാണ് പ്രതിയെന്ന് അന്വേഷകസംഘം കണ്ടെത്തിയത്.     തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഡിജിപി അനിൽകാന്തിൽനിന്ന് അസി. കമീഷണർ പി പി സദാനന്ദൻ, ഇൻസ്പെക്ടർ കെ വി പ്രമോദ്, എസ്ഐ ടി വി ബിജു പ്രകാശ്, കെ രാജീവൻ, ടി കെ ദിവാകരൻ, പി പി യോഗേഷ്, എ സുജിത്ത് കുമാർ, വി മുഹമ്മദ്, ടി പി സൂരജ്, കെ ഷീജ എന്നിവരാണ് ബഹുമതി ഏറ്റുവാങ്ങിയത്. Read on deshabhimani.com

Related News