മാപ്പിളബേ തുറമുഖത്തിൽ അടിയന്തരമായി ഡ്രഡ്ജിങ് നടത്തും: മന്ത്രി സജി ചെറിയാൻ



കണ്ണൂർ മാപ്പിളബേ ഹാർബറിൽ അടിയന്തരമായി ഡ്രഡ്ജിങ് നടത്തുമെന്ന്  മന്ത്രി സജി ചെറിയാൻ പറഞ്ഞു. കണ്ണൂർ  മണ്ഡലം തീരസദസ്‌ തയ്യിൽ സെന്റ് ആന്റണീസ് യുപി സ്കൂൾ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു  മന്ത്രി. ഹാർബറിലെ മണ്ണുനീക്കാനുള്ള ടെൻഡർ 25ന് തുറക്കും. മണ്ണുനീക്കൽ സമയത്ത് ചെയ്തില്ലെന്ന് ജനപ്രതിനിധികളും സംഘടനാ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ വിമർശനമുണ്ടായതായി മന്ത്രി പറഞ്ഞു. മാപ്പിളബേ ഹാർബറിന്റെ നവീകരണത്തിനായി 85 കോടിയുടെ നിർദേശമുണ്ട്. പുണെ സിഡബ്ല്യുപിആർഎസ് പഠനറിപ്പോർട്ട്‌ വന്നാലുടൻ സർക്കാർ അതിനെക്കുറിച്ച് ആലോചിക്കും. മാപ്പിളബേ ഹാർബർ മാനേജ്മെന്റ് കമ്മിറ്റി യോഗം ചേർന്ന് അവിടെ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് റിപ്പോർട്ട്‌ തയ്യാറാക്കും.  കണ്ണൂർ ജില്ലയിൽ കടൽഭിത്തി നിർമാണത്തിന് 30 കോടിയുടെ നിർദേശം സർക്കാരിന് ലഭിച്ചിട്ടുണ്ട്. ഇത്‌ പ്രകാരം കാനാംപുഴ, തയ്യിൽ ഉൾപ്പെടെ ആവശ്യമായ സ്ഥലങ്ങളിലെല്ലാം കടൽഭിത്തി നിർമിക്കും.  കണ്ണൂർ സിറ്റി പടന്നയിൽ അങ്കണവാടിക്ക് ഫിഷറീസ് വകുപ്പിന്റെ സ്ഥലം അനുവദിക്കാൻ  ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകി. തയ്യിൽ സെന്റ് ആന്റണിസ് സ്കൂളിലെ സിആർഇസെഡ് പ്രശ്നം പരിഹരിക്കാൻ മത്സ്യഫെഡ് ഡയറക്ടറെ ചുമതലപ്പെടുത്തി.   Read on deshabhimani.com

Related News