നടുറോഡിൽ ‘പട്ടാപ്പകൽ കൊലപാതകങ്ങൾ’

ദേശീയപാതയിൽ വെള്ളൂർ പാലത്തരയിൽ ലോറിയുമായി കൂട്ടിയിടിച്ച്‌ തകർന്ന പിക്കപ്പ്‌വാൻ. അപകടത്തിൽ യുപി സ്വദേശി മരിച്ചു.


കണ്ണൂർ ദേശീയപാതയിൽ വാഹനാപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നത്‌ തുടർക്കഥയാകുന്നു.  ലക്ഷ്യസ്ഥാനത്തെത്തും മുമ്പേ പാതയിൽ പലരും ചിന്നിച്ചിതറി  ഇല്ലാതാവുന്ന കാഴ്‌ചകൾ  ഹൃദയഭേദകമാണ്‌. ബസ്സുകൾ, ലോറികൾ എന്നിവയുടെ മരണപ്പാച്ചിലുകളാണ്‌  റോഡുകളെ കുരുതിക്കളമാക്കുന്നത്‌.  ഇരുചക്രവാഹനങ്ങളുടെ അശ്രദ്ധയും കുറച്ചൊന്നുമല്ല ജീവനപഹരിക്കുന്നത്‌. സ്വകാര്യ ബസ്സുകളുടെ സമയക്രമീകരണത്തിലെ അപാകം,  റോഡുകളിലെ ഡിവൈഡറുകളുടെ അഭാവം, ലഹരിയുടെ ആലസ്യത്തിൽ വാഹനമോടിക്കുന്നവർ,  വലിയ ലോറികളുടെ പകൽ സർവീസിലെ നിയന്ത്രണമില്ലായ്‌മ തുടങ്ങിവയെല്ലാം  നടുറോഡിലെ ‘പട്ടാപ്പകൽ കൊലപാതക’ങ്ങൾക്ക്‌ ആക്കം കൂട്ടുകയാണ്‌.   വെള്ളിയാഴ്‌ച പകലാണ്‌ പള്ളിക്കുളത്ത്‌  ബൈക്കിന്റെ പിന്നിൽ ലോറിയിടിച്ച്‌ അപകടമുണ്ടായത്‌. ഇടിച്ച്‌ തെറിപ്പിച്ചശേഷം ദേഹത്തുകൂടി ലോറി കയറിയിറങ്ങി  മുത്തച്ഛനും കൊച്ചുമകനും മരിച്ച സംഭവം ഏവരുടെയും കരൾപിളർക്കുന്ന കാഴ്‌ചയായിരുന്നു. ശനിയാഴ്‌ച പയ്യന്നൂർ വെള്ളൂർ പാലത്തര പാലത്തിന്‌ സമീപം ലോറിയും പിക്കപ്പ്‌ വാനും കൂട്ടിയിടിച്ച്‌  ഇതരസംസ്ഥാന തൊഴിലാളിയും മരിച്ചു.  കണ്ണൂർ–- കാസർകോട്‌, കണ്ണൂർ –- കോഴിക്കോട്‌  ദേശീയപാതയിലും കണ്ണൂർ –-പഴയങ്ങാടി –- പയ്യന്നൂർ  കെഎസ്‌ടിപി റോഡുകളിലും  കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രികർക്കും പ്രയാസമുണ്ടാക്കിയാണ്‌  ബസ്സും ലോറിയും ടാങ്കറും കുതിക്കുന്നത്‌. ജീവൻ വേണമെങ്കിൽ മാറിനിന്നോളൂ എന്ന രീതിയിലാണ്‌ വലിയ വാഹനങ്ങളുടെ പോക്ക്‌. ചെറുകിട വാഹനങ്ങൾ ഊടുവഴിയെ ആശ്രയിക്കേണ്ട സ്ഥിതി.  ഗതാഗതക്കുരുക്കിൽപ്പെട്ടാലും ഇടിച്ചുകയറി മുന്നിലെത്താനുള്ള വ്യഗ്രതയാണ്‌ വലിയ വാഹനങ്ങൾക്ക്‌.  മനഷ്യത്വം മരവിക്കുന്ന ഡ്രൈവിങ്‌ ഓരോ ദിനവും അനാഥമാക്കുന്നത്‌ അനവധി കുടുംബങ്ങളെയാണ്‌.  റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ പായുന്ന വാഹനങ്ങളെ പൂട്ടാൻ കർശന നടപടി വേണമെന്ന ആവശ്യം ഓരോ ദുരന്തത്തിലും ഉയരുമെങ്കിലും നടപടിയുണ്ടാകുന്നില്ല.  അമിതവേഗവും ട്രാഫിക്‌ നിയമലംഘനവും വർധിച്ചുകൊണ്ടേയിരിക്കുന്നു. ജില്ലയിൽ  എൻഫോഴ്‌സ്‌മെന്റ്‌ ടീം  വേഗപരിശോധന നടത്തുന്നുണ്ട്‌.  65 കിലോമീറ്ററിനുമുകളിൽ പോയാൽ അമിതവേഗമായി കണക്കാക്കും. എന്നാൽ,  പരിശോധന നടത്താനുള്ള  പ്രായോഗിക പ്രയാസം അപകടങ്ങളുടെ വർധനയ്‌ക്ക്‌ സാഹചര്യമൊരുക്കുന്നു. Read on deshabhimani.com

Related News