100 പട്ടികവർഗ സങ്കേതങ്ങൾ 
ജില്ലാ പഞ്ചായത്ത് ദത്തെടുക്കും



കണ്ണൂർ ജില്ലയിലെ 100 പട്ടികവർഗ സങ്കേതങ്ങൾ സമഗ്ര വികസനത്തിനായി ജില്ലാ പഞ്ചായത്ത് ദത്തെടുക്കുമെന്ന് പ്രസിഡന്റ്‌ പി പി ദിവ്യ. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പട്ടികവർഗ മേഖലയിൽ നടപ്പിലാക്കുന്ന ട്രൈബൽ മിഷൻ പ്രവർത്തനം സംബന്ധിച്ച കൂടിയാലോചനാ യോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ.  പദ്ധതിയുടെ ഭാഗമായി ആദിവാസി, ഗോത്ര കോളനികളിൽ പഠനം നടത്തി പ്രശ്‌നങ്ങളും പോരായ്മകളും ആവശ്യങ്ങളും കണ്ടെത്തും. സർവേ പ്രകാരം വളരെ പിന്നാക്കം നിൽക്കുന്ന 100 സങ്കേതങ്ങളെയാണ് സമഗ്ര വികസനത്തിനായി ദത്തെടുക്കുക. തദ്ദേശ സ്ഥാപനങ്ങൾ, ആരോഗ്യം, പൊലീസ്, എക്‌സൈസ് വകുപ്പുകൾ, ആദിവാസി സംഘടനകൾ, എസ് ടി പ്രൊമോട്ടർമാർ തുടങ്ങി എല്ലാവരുടെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ മേഖല, ആരോഗ്യം, സ്ത്രീകളുടെയും പെൺകുട്ടികളുടെയും ക്ഷേമവും സുരക്ഷയും, കലാപരമായ കഴിവുകളുടെ പ്രോത്സാഹനം, തൊഴിൽ, കോളനിയിലെ സുരക്ഷിത ജീവിതം, അച്ചടക്കം തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കും. ഓരോ കോളനികളും വ്യത്യസ്തമായ പ്രശ്‌നങ്ങൾ നേരിടുന്നതിനാൽ അവ കണ്ടെത്തി അറിയിക്കുന്നതിന് എസ്ടി പ്രൊമോട്ടർമാരെ ചുമതലപ്പെടുത്തി.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി.  ഐടിഡിപി പ്രോഗ്രാം ഓഫീസർ എസ് സന്തോഷ് കുമാർ, സ്ഥിരം സമിതി അധ്യക്ഷരായ വി കെ സുരേഷ്ബാബു, യു പി ശോഭ, ടി സരള, കെ കെ രത്‌നകുമാരി, സെക്രട്ടറി ഇൻ ചാർജ് ഇ എൻ സതീഷ്ബാബു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News