അഴീക്കല്‍: പശ്ചാത്തല 
വികസനം വേഗത്തിലാക്കും



കണ്ണൂർ അഴീക്കൽ തുറമുഖത്ത്‌ ഇന്റർനാഷണൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി (ഐഎസ്‌പിഎസ്) യുടെയും മറ്റ് സുരക്ഷാ ഏജൻസികളുടെയും മാനദണ്ഡപ്രകാരമുള്ള  സംവിധാനങ്ങളും ഉപകരണങ്ങളും സ്ഥാപിക്കുന്നത്‌ ഉടൻ പൂർത്തിയാക്കും.  തുറമുഖത്തെ അതീവ സുരക്ഷാ മേഖലയാക്കുന്നതിന്റെ ഭാഗമായി ആവശ്യമായ  ഉപകരണങ്ങൾ, നിരീക്ഷണ സംവിധാനങ്ങൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ ഒരുക്കും.  ചുറ്റുമതിൽ, തുറമുഖത്തേക്കും പുറത്തേക്കും പോകാൻ കാവൽ സംവിധാനത്തോടെയുള്ള വെവ്വേറെ ഗേറ്റുകൾ തുടങ്ങിയവ സ്ഥാപിക്കും. പ്രവേശനം  നിയന്ത്രിക്കുന്നതിന് പാസ് ഏർപ്പെടുത്തും. സിസിടിവി ക്യാമറകൾ, തുറമുഖ ബെർത്തിനു ചുറ്റും ലൈറ്റുകൾ, കണ്ടെയ്‌നറുകൾ  സൂക്ഷിക്കാൻ ഗോഡൗൺ സൗകര്യം, കസ്റ്റംസ്, ഇമിഗ്രേഷൻ ഓഫീസ്‌  തുടങ്ങിയവയും ഒരുക്കും. ആയിരം ചതുരശ്ര മീറ്റർ  ഗോഡൗണാണ്‌  ആദ്യഘട്ടത്തിൽ നിർമിക്കുന്നത്. ഇതിന് നബാർഡ് സഹായത്തോടെയുള്ള പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. തുറമുഖത്തിന്റെ പശ്ചാത്തല സൗകര്യ വികസന നടപടികൾ വേഗത്തിലാക്കാൻ വിളിച്ച യോഗമാണ്‌ ഇക്കാര്യം തീരുമാനിച്ചത്‌.       കപ്പൽചാൽ ആഴംകൂട്ടുന്നതിനുള്ള മണലെടുപ്പ്‌  ഉടൻ ആരംഭിക്കും. ആദ്യഘട്ടത്തിൽ ആഴം നാല് മീറ്ററാക്കുന്നതിനുള്ള ഡ്രഡ്ജിങ്ങാണ് നടത്തുക. ഡ്രഡ്ജിങ്ങ് നടത്തുമ്പോൾ നാല് ലക്ഷം ക്യുബിക് മീറ്ററിലേറെ മണ്ണും മണലും നീക്കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.  ഇതിന്‌  ടെൻഡർ നടപടി ഉടൻ തുടങ്ങും.  നേരത്തെ ശേഖരിച്ച മണൽ നീക്കും.     ടെൻഡറെടുത്തവർക്ക്‌  വർക്ക് ഓർഡർ അടുത്ത ദിവസം നൽകും. രണ്ടാഴ്ചകൊണ്ട് മണൽ നീക്കാനാണ് നിർദേശം നൽകിയത്‌. കണ്ടെയ്‌നറുകളുടെ കസ്റ്റംസ് പരിശോധനക്ക്  ആവശ്യമെങ്കിൽ ഉപയോഗിക്കുന്നതിനുള്ള റാമ്പ് സംവിധാനവും സജ്ജമാക്കും. അഴീക്കൽ  മേഖലാ പോർട്ട് ഓഫീസ്  പ്രവൃത്തിപഥത്തിലെത്തിക്കാൻ സർക്കാർതലത്തിൽ ഇടപെടും.    യോഗത്തിൽ കെ വി സുമേഷ് എംഎൽഎ അധ്യക്ഷനായി. മാരിടൈം ബോർഡ് ചെയർമാൻ വി ജെ മാത്യു, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ എച്ച് ദിനേശ്,  കലക്ടർ എസ് ചന്ദ്രശേഖർ, പോർട്ട് ഓഫീസർ ക്യാപ്റ്റൻ പ്രദീഷ് കെ ജി നായർ, കോഴിക്കോട് പോർട്ട് ഓഫീസർ ക്യാപ്റ്റൻ ഹരി അച്യുത വാര്യർ, കസ്റ്റംസ് അസി. കമീഷണർ ഇ വികാസ്, അഴീക്കോട്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ അജീഷ്  എന്നിവർ  പങ്കെടുത്തു. Read on deshabhimani.com

Related News