മഴക്കാലരോഗം ജാഗ്രത വേണം: 
ഡിഎംഒ



കണ്ണൂർ  മഴക്കാലരോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന്‌ ഡിഎംഒ അറിയിച്ചു. വൈറൽ പനി, എലിപ്പനി, ഡെങ്കിപ്പനി, വയറിളക്കം, കോളറ, മഞ്ഞപ്പിത്തം, ടൈഫോയ്‌ഡ്  എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം. വൈറൽ പനി ബാധിച്ചവർ ധാരാളം വെള്ളം കുടിക്കുകയും എളുപ്പം ദഹിക്കുന്ന ഭക്ഷണപദാർഥങ്ങൾ കഴിക്കുകയും വേണം.  മലിനജലവുമായി സമ്പർക്കത്തിലേർപ്പെടുന്നവർ എലിപ്പനി വരാതിരിക്കാൻ   പ്രതിരോധ ചികിത്സ സ്വീകരിക്കണം.   ആഴ്ചയിലൊരിക്കൽ ഡോക്സിസൈക്ലിൻ 100 മി. ഗ്രാം രണ്ട് ഗുളികകൾ ജോലിക്ക് ഇറങ്ങുന്നതിന്റെ തലേദിവസം കഴിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. മലയോര പഞ്ചായത്തുകളിൽ ഡെങ്കിപ്പനി വ്യാപന സാധ്യതയേറെയാണ്‌. അതിനാൽ വീടിനുള്ളിലും പൊതുസ്ഥലങ്ങളിലും  വെള്ളക്കെട്ടില്ലെന്ന്‌ ഉറപ്പുവരുത്തണം.  ഉപയോഗശൂന്യമായ പാത്രങ്ങൾ, വെളളം കെട്ടിനിൽക്കുന്ന സാധനങ്ങൾ എന്നിവ ശരിയായ രീതിയിൽ സംസ്‌കരിക്കുകയോ വെളളം  വീഴാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കുകയോ ചെയ്യണം.  ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, ചെടിച്ചട്ടിക്കടിയിൽ വയ്‌ക്കുന്ന പാത്രം, പൂക്കൾ / ചെടികൾ എന്നിവ ഇട്ടുവയ്‌ക്കുന്ന പാത്രം, ടെറസ്, ടാങ്ക് മുതലായവയിൽനിന്ന്‌ ആഴ്ചയിലൊരിക്കൽ വെളളം ഊറ്റിക്കളയുക.   താൽക്കാലിക ജലാശയങ്ങളിൽ കൂത്താടി ഭോജി മത്സ്യങ്ങളായ മാനത്തുകണ്ണി, ഗപ്പി, ഗാംബൂസിയ തുടങ്ങിയവയെ നിക്ഷേപിക്കുക.  കൊതുകിനെ അകറ്റാൻ കഴിവുളള ലേപനങ്ങൾ ദേഹത്തു പുരട്ടുക.   മഴക്കാലത്ത് കുടിവെള്ളം മലിനമാകാൻ സാധ്യതയുളളതിനാൽ ജലജന്യ രോഗങ്ങൾക്കുളള സാഹചര്യവും ഏറെയാണ്. വയറിളക്കം, കോളറ, മഞ്ഞപ്പിത്തം, ടൈഫോയിഡ് എന്നിവ തടയാൻ തിളപ്പിച്ചാറിയ വെള്ളമേ കുടിക്കാവൂ.    ഹോട്ടൽ, ബേക്കറി തൊഴിലാളികളുടെ ശുചിത്വനിലവാരം ഉറപ്പുവരുത്തണം. പച്ചക്കറികളും പഴങ്ങളും വൃത്തിയായി കഴുകിയശേഷമേ ഉപയോഗിക്കാവൂ. വ്യക്തിശുചിത്വം, പരിസര ശുചിത്വം, ആഹാര ശുചിത്വം എന്നിവ കൃത്യമായി പാലിക്കണം.   Read on deshabhimani.com

Related News