ജനകീയ സ്വപ്‌നത്തിന്‌ ശിലപാകി



തലശേരി അമ്മയും കുഞ്ഞും ആശുപത്രിയെന്ന തലശേരിയുടെ സ്വപ്‌നപദ്ധതിക്ക്‌ മന്ത്രി കെ കെ ശൈലജ ശിലപാകി. കണ്ടിക്കലിൽ ചേർന്ന ചടങ്ങിൽ എ എൻ ഷംസീർ എംഎൽഎ അധ്യക്ഷനായി. കോർപ്പറേറ്റ്‌ ആശുപത്രികളെ വെല്ലുന്ന അത്യാധുനിക സംവിധാനങ്ങളോടെയാവും അമ്മയും കുഞ്ഞും ആശുപത്രിയെന്ന്‌ മന്ത്രി പറഞ്ഞു. താലൂക്കിലെ ജനങ്ങൾക്കാകെ ആശ്രയിക്കാവുന്ന ഉന്നത നിലവാരമുള്ള സംവിധാനത്തോടെയാണ്‌ ആശുപത്രി പണിയുന്നത്‌.   ഒരുപാട്‌ കടമ്പകൾ കടന്നാണ്‌ ഭൂമി കൈമാറികിട്ടിയത്‌.  ഡൽഹിയിലടക്കം ഇടപെടേണ്ടിവന്നു. സാങ്കേതികമായ എല്ലാ തടസവും നീക്കി കിഫ്‌ബിയിൽനിന്ന്‌ അനുവദിച്ച 53.66 കോടി രൂപ വിനിയോഗിച്ചാണ്‌ ആശുപത്രി നിർമിക്കുന്നത്‌. 2.52 ഏക്കർ സ്ഥലത്ത്‌ രണ്ടുവർഷംകൊണ്ട്‌ ഏഴുനിലയുള്ള ആശുപത്രി നിർമിക്കും–-മന്ത്രി പറഞ്ഞു. മുൻമന്ത്രി കോടിയേരി ബാലകൃഷ്‌ണൻ വിശിഷ്‌ടാതിഥിയായി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ ശൈലജ, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ എം പി ശ്രീഷ, പി പി സനിൽ, എം കെ സെയ്‌ത്തു, സി കെ രമ്യ, സി കെ അശോകൻ എന്നിവർ സംസാരിച്ചു. നഗരസഭാധ്യക്ഷ കെ എം ജമുനറാണി സ്വാഗതവും സ്‌പെഷ്യൽ ഓഫീസർ ഡോ. വി കെ രാജീവൻ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News