ആറളം ഫാമിന്‌ ഹാട്രിക‌് നേട്ടം

ആറളം ഫാമിലെ മാതൃക പച്ചക്കറി ക്ലസ‌്റ്റർ വിളയിച്ച വാഴക്കുലകളുമായി കർഷകർ


ഇരിട്ടി തരിശിട്ട ആറളം ഫാമിൽ ആദിവാസി മാതൃകാ പച്ചക്കറി  ക്ലസ‌്റ്റർ നേടിയത‌് ഹാട്രിക‌് പുരസ‌്കാരം. സംസ്ഥാന കൃഷി വകുപ്പ്‌ മികച്ച ട്രൈബൽ പച്ചക്കറി ക്ലസ‌്റ്റർ വിഭാഗത്തിൽ  മാതൃക ക്ലസ‌്റ്റർ സംസ്ഥാനത്ത‌് രണ്ടാം സ്ഥാനം നേടി. 2018, 19 വർഷങ്ങളിലും ആറളം ഫാമിനായിരുന്നു ഈ വിഭാഗത്തിൽ പുരസ‌്കാരം.  ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയാണ‌് ആറളം ഫാം. 3500 കുടുംബങ്ങൾക്കാണ്‌ ഒരേക്കർ വീതം ഭൂമി  സർക്കാർ നൽകിയത്‌. വീട‌് നിർമിക്കാൻ പത്ത‌് സെന്റ‌് വേറെയും . തരിശിട്ട  ഭൂമിയിൽ ആറളം കൃഷിഭവൻ,  ചാലോട‌് കൃഷി അസിസ‌്റ്റന്റ‌് ഡയറക്ടർ ഓഫീസ്‌ നേതൃത്വത്തിൽ  ആദിവാസികളുടെ കാർഷിക ഉന്നമനത്തിന‌്  വിപുലമായ പദ്ധതികൾ ആരംഭിച്ചു.  എല്ലാ ബ്ലോക്കുകളിലും കാർഷിക ഗ്രൂപ്പുകളും ക്ലസ‌്റ്ററുകളും നിലവിൽ വന്നതോടെ ആബാലവൃദ്ധം ചേർന്ന്‌ മണ്ണ‌് പൊന്നാക്കാനിറങ്ങി. കൂടെ കാർഷികോപകരണങ്ങൾ അടക്കം സർക്കാർ സഹായവുമെത്തി. കാർഷിക പ്രോത്സാഹന പദ്ധതികളുമായി നബാർഡും . ജൈവ പച്ചക്കറി ഉൽപാദനം, സംസ‌്കരണം, വിപണനം തുടങ്ങിയ  ബ്രാന്റഡുകളിലേക്ക്‌ കടന്നതോടെ ആറളം ഫാം കാർഷികമേഖല സംസ്ഥാന ശ്രദ്ധയിലെത്തി. ഇത്തവണ മാതൃക ക്ലസ‌്റ്റർ 12 ഏക്കറിലാണ‌് വിജയം കൊയ‌്തത‌്. വാഴ, കരനെല്ല‌്, ചീര, വെണ്ട, പയർ, വഴുതന, മഞ്ഞൾ, പാവൽ തുടങ്ങി വിവിധ കൃഷികൾ ഏറ്റെടുത്തു. 20 അംഗങ്ങളാണ‌് മാതൃക ക്ലസ‌്റ്ററിൽ. സി കെ രാമുവാണ‌് കൺവീനർ.  കൃഷി ഓഫീസർ കോകില, അസിസ‌്റ്റന്റ‌് സുമേഷ‌്, കൃഷി അസിസ‌്റ്റന്റ‌് ഡയറക്ടർ സോണിയ എന്നിവരുടെ മേൽനോട്ടം  കൃഷി മുന്നേറ്റത്തിന‌് സഹായകമായി.   കാട്ടാന അക്രമണം ചെറുക്കാൻ വൈദ്യുതി വേലി നിർമിച്ച‌് കൃഷിയിടം സുരക്ഷിതമാക്കി.    ഇരുപത‌് പേരുടെ രാപ്പകൽ അധ്വാനത്തിലാണ‌് സംസ്ഥാന പുരസ‌്കാരം ആറളത്തേക്ക‌് ഇത്തവണ എത്തുന്നത‌്. മന്ത്രി വി എസ‌് സുനിൽകുമാർ, കൃഷി ഡയറക്ടർ വാസുകി തുടങ്ങിയവർ ഇതിനകം ആറളം ഫാമിലെത്തി.   17 ആദിവാസി ഗ്രൂപ്പുകൾ വിവിധ ബ്ലോക്കുകളിൽ കൃഷി രംഗത്ത‌് സജീവം.  എള്ള‌്, തിന, ചാമ, മുത്താറി തുടങ്ങി അപൂർവയിനങ്ങൾ ആദിവാസി കരുത്തിൽ ഇവിടെ തഴച്ച‌് വളരുന്നു.  സുഭിക്ഷ കേരളം പദ്ധതിയിൽ വൈവിധ്യമാർന്ന കൃഷിയേറ്റെടുത്ത‌് വിജയലക്ഷ്യത്തിലേക്ക‌് അടുക്കുകയാണ‌് ഇത്തവണ ആറളം ഫാം.      Read on deshabhimani.com

Related News