സിപിഐ എം ഓഫീസിന്‌ ബോംബെറിഞ്ഞത്‌ ബൈക്കിലെത്തിയ സംഘം



പിലാത്തറ  കണ്ടംകുളങ്ങരയിലെ  സിപിഐ എം കുഞ്ഞിമംഗലം നോർത്ത്  ലോക്കൽ കമ്മിറ്റി ഓഫീസായ പി ഭരതൻ സ്‌മാരക മന്ദിരത്തിന്‌ വെള്ളിയാഴ്‌ച പുലർച്ചെ‌ ബോംബെറിഞ്ഞത് ബൈക്കുകളിലെത്തിയ സംഘം. പയ്യന്നൂർ പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ്‌ ഇത്‌ വ്യക്തമായത്‌.  രണ്ട് ബൈക്കുകളിലായി എത്തിയ  സംഘം പ്രദേശത്ത് രാത്രിയിൽ ചുറ്റിക്കറങ്ങിയിരുന്നു. കുന്നരു കക്കംപാറയിലെ  സിസിടിവിയിൽ ഇവരുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്‌. ഇവർ പയ്യന്നൂർ കോളേജ് സ്റ്റോപ്പുവരെ യാത്രചെയ്‌തു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച സ്റ്റീൽ ബോംബിന്റെ  അവശിഷ്ടങ്ങളും പരിശോധിച്ചു.   ശനിയാഴ്ചയും പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബേറിൽ കെട്ടിടത്തിന് സാരമായ കേടുപറ്റി. ഒരു സംഘടന ബോംബാക്രമണത്തിന്‌  തലേദിവസം സേവാ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.  ഇതിൽ പങ്കെടുത്തവരെ കുറിച്ചും‌ വിവരം ശേഖരിച്ചു. അന്വേഷണത്തിനിടെ ചില രാഷ്ട്രീയ പാർടികൾ  അക്രമത്തിൽ പങ്കില്ലെന്ന വാർത്താക്കുറിപ്പിറക്കിയത്‌ സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. സി ഐ എം സി പ്രമോദ്, എസ്ഐ പി ബാബുമോൻ  ‌ എന്നിവരാണ്‌ കേസന്വേഷിക്കുന്നത്‌.    Read on deshabhimani.com

Related News