എല്ലാ വീട്ടിലും നോർത്ത്‌ എഫ്‌എം കരിവെള്ളൂരിലെ കുട്ടികൾ പറയുന്നു, കേൾക്കൂ, കേൾക്കൂ, കേട്ടുകൊണ്ടിരിക്കൂ



പയ്യന്നൂർ നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്ന ശബ്ദം നോർത്ത്‌ എഫ്എം നിലയത്തിൽനിന്നും ദേവനന്ദയുടേതാണ്‌. ഇന്നത്തെ വാർത്താ നേരം ആരംഭിക്കുന്നു..... കരിവെള്ളൂരിലെ വീടുകളിൽ രാവിലെ മുതൽ മൊബൈൽ വഴിയുള്ള  കുട്ടികളുടെ വാർത്തകളാണ്‌ കേൾക്കുക. വാർത്ത മാത്രമല്ല പാട്ടുണ്ട്‌,  കഥയുണ്ട്‌, ‌ മിമിക്രിയുണ്ട്‌ എന്തിന്‌ രക്ഷിതാക്കളുടെ പാചക പരിപാടിവരെയുണ്ട്‌. പൂർണമായും കുട്ടികൾ തയ്യാറാക്കുന്ന പരിപാടികളാണ് വാട്‌സാപ്‌‌ വഴിയുള്ള എഫ‌്‌എം റേഡിയോ വഴി സംപ്രേക്ഷണം ചെയ്യുന്നത്‌.  അധ്യയനം മുടങ്ങിയ കുട്ടികളുടെ മാനസിക പിരിമുറുക്കവും വിരസതയുമകറ്റാൻ കരിവെള്ളൂർ നോർത്ത് എഎൽപി സ‌്കൂളാണ്‌ വാട്‌സ്‌ ആപ്‌ എഫ്‌എം തുടങ്ങിയത്‌.  പ്രീ പ്രൈമറി മുതൽ ഏഴാംതരംവരെയുള്ള മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളിച്ചാണിത്. വാർത്താനേരം (ദൈനംദിന  വാർത്തകൾ), കിളിക്കൊഞ്ചൽ (കുട്ടികളുടെ  പാട്ട്,  കഥകൾ,  മിമിക്രി  തുടങ്ങിയവ), എൻസൈക്ലോപീഡിയ (അധ്യാപകർ ഏതെങ്കിലും വിഷയത്തെക്കുറിച്ച് സംസാരിക്കുന്നു), പാചകപ്പുര  (രക്ഷിതാക്കളുടെ പാചകം),  കാർഷിക രംഗം  എന്നീ പരിപാടികളാണ‌്  അവതരിപ്പിക്കുന്നത‌്. കൂടാതെ സായി ശ്വേത,  പി ജനാർദനൻ (ആകാശവാണി കണ്ണൂർ പ്രോഗ്രാം എക്സിക്യൂട്ടീവ്),  ഇല്യാസ് പെരുമ്പലം, പയ്യന്നൂർ കോളേജ്  അസി.  പ്രൊഫസർ ശ്രീകാന്ത്  തുടങ്ങിയവരും സാമൂഹിക ﹣-   സാംസ‌്കാരിക  മേഖലകളിലുള്ളവരും അനുഭവങ്ങൾ പങ്കുവയ്‌ക്കും. വിവിധ ദിനാചരണങ്ങൾ,  പ്രധാന ദിവസങ്ങൾ  എന്നിവയ്‌ക്ക‌് പ്രാധാന്യം നൽകിയുള്ള   പ്രവർത്തനങ്ങളുമുണ്ട്‌. Read on deshabhimani.com

Related News