സ്‌കൂളിൽ ഓൺലൈനായി ചേരാം 25 മുതൽ



കണ്ണൂർ കോവിഡ്‌ 19 ന്റെ പശ്ചാത്തലത്തിൽ പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടാനുള്ള ഓൺലൈൻ സംവിധാനം   25ന്‌ പ്രവർത്തനം തുടങ്ങും. കേരള ഇൻഫ്രാസ്‌ട്രക്‌ചർ ആൻഡ്‌ ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ  (കൈറ്റ്‌) ഒരുക്കുന്ന sampoorna.kite.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ്‌ ഓൺലൈൻ പ്രവേശനം.  പ്രവേശനത്തിന്‌ വർഷങ്ങളായി  സ്‌കൂളുകൾ  ഉപയോഗിക്കുന്ന  വെബ്‌സൈറ്റ്‌ ആദ്യമായാണ്‌  വിദ്യാഭ്യാസ വകുപ്പ്‌ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത്‌. രക്ഷിതാവിന്‌ വീട്ടിലിരുന്ന്‌‌ കുട്ടിയുടെ സ്‌കൂൾ പ്രവേശനം നേടാനാകും. യുണീക്‌ ഐഡന്റിഫിക്കേഷനിലൂടെയാണ്‌ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനാവുക.   രക്ഷിതാവിന്‌ അടിസ്ഥാന വിവരങ്ങൾ നൽകി കുട്ടിയുടെ പ്രവേശന നടപടികൾ പൂർത്തിയാക്കാനാവും.  സ്‌കൂൾ തുറന്നശേഷം ബാക്കി വിവരങ്ങൾ  അധ്യാപകർ ശേഖരിച്ച്‌ പ്രവേശന നടപടി പൂർത്തിയാക്കും.  സ്‌കൂൾ മാറിച്ചേരുമ്പോൾ ആദ്യത്തെ സ്‌കൂളിൽനിന്ന്‌ ലഭിക്കുന്ന  ട്രാൻസ്‌ഫർ സർട്ടിഫിക്കറ്റിന്റെ നമ്പറും ഓൺലൈൻ അപേക്ഷയിൽ  പൂരിപ്പിക്കണം. ചില സ്‌കൂളുകൾ സ്വന്തമായി വെബ്‌സൈറ്റ്‌ തയ്യാറാക്കി പ്രവേശന നടപടികൾ  തുടങ്ങിയിട്ടുണ്ട്‌.  തിങ്കളാഴ്‌ച മുതൽ ‌ പൊതുവിദ്യാലയങ്ങളിൽ നേരിട്ടുള്ള  പ്രവേശന നടപടികളും  തുടങ്ങി.  പ്രവേശനം നേടാൻ കുട്ടികൾ രക്ഷിതാവിനൊപ്പം സ്‌കൂളിലെത്തേണ്ടെന്ന്‌ വിദ്യാഭ്യാസവകുപ്പ്‌ അറിയിച്ചിട്ടുണ്ട്‌.  സാമൂഹിക അകലം പാലിച്ചേ സ്‌കൂളുകൾ പ്രവേശന നടപടികൾ ചെയ്യാവൂവെന്നും‌ കർശന നിർദേശമുണ്ട്‌. സർട്ടിഫിക്കറ്റുകളും മറ്റു‌ രേഖകളും‌ ഹാജരാക്കാൻ കഴിയാത്തവർക്കും താൽക്കാലിക പ്രവേശനം നേടാം. സ്‌കൂൾ തുറന്ന്‌ ആറാം പ്രവൃത്തിദിനംവരെ പ്രവേശനം നേടാം.   പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന  മുഴുവൻ കുട്ടികൾക്കും പ്രവേശനത്തിനുള്ള ക്രമീകരണം ഒരുക്കിയതിനാൽ രക്ഷിതാക്കൾ തിരക്കുകൂട്ടേണ്ടതില്ലെന്ന്‌ പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. Read on deshabhimani.com

Related News