കണ്ണൂർ കെഎസ്‌ആർടിസി യാഡ്‌ ഉദ്‌ഘാടന സജ്ജം

ഉദ്‌ഘാടന സജ്ജമായ കെഎസ്‌ആർടിസി കണ്ണൂർ ഡിപ്പോ യാഡ്


 കണ്ണൂർ യാത്രക്കാരും ജീവനക്കാരും ഏറെക്കാലമായി കാത്തിരിക്കുന്ന കെഎസ്‌ആർടിസി കണ്ണൂർ ഡിപ്പോയിലെ ആധുനിക യാഡ്‌ ഉദ്‌ഘാടന സജ്ജമായി. പണിപൂർത്തിയായതായി  കരാറുകാരായ  പിണറായി ഇൻഡസ്‌ട്രിയൽ കോ–-ഓപ്പറേറ്റീവ്‌ സൊസൈറ്റി (പിക്കോസ്‌)  അറിയിച്ചു.  26,200 ചതുരശ്ര അടിയുള്ള യാഡ്‌ 72 ലക്ഷം രൂപ ചെലവിലാണ്‌ നിർമിച്ചത്‌. യാത്രക്കാർക്കും ജീവനക്കാർക്കും ദുരിതമായ പൊട്ടിപ്പൊളിഞ്ഞ യാഡ്‌ പണി തുടങ്ങി  അഞ്ചുമാസത്തിനകം മനോഹരമായി ഇന്റർലോക്ക്‌ ചെയ്‌തു.  കണ്ണൂർ നഗരമധ്യത്തിലെ യാഡിന്റെ ദയനീയാവസ്ഥ ഏറെ ചർച്ചയായതാണ്‌. 14 ബസ്സുകൾ നിർത്തിയിടാൻ സൗകര്യമുള്ളതാണ്‌ പുതിയ യാഡ്‌.  ദീർഘദൂര ബസ്സുകൾ ഉൾപ്പെടെ പ്രതിദിനം ശരാശരി 150 ബസ്സുകൾ  യാഡിൽ കയറുന്നുണ്ട്‌.  കണ്ണൂർ ഡിപ്പോയിൽനിന്ന്‌  ദിവസം 70 ബസ്സുകൾ സർവീസ്‌ നടത്തുന്നു.   യാഡിന്‌ പുറമെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസിന്റെ മുന്നിലും  ഇന്റർലോക്ക്‌ ചെയ്‌തിട്ടുണ്ട്‌.  അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസിന്റെ പണിയും പൂർത്തിയായിട്ടുണ്ട്‌. വൈദ്യുതി കണക്ഷനും ലഭിച്ചു.  സാങ്കേതിക പ്രശ്‌നങ്ങളാൽ വാട്ടർ കണക്ഷൻ നൽകാനായില്ല.   സ്‌ത്രീ–- പുരുഷ ജീവനക്കാർക്ക്‌ താമസിക്കാനുള്ള മുറി, ഡിടിഒ ഉൾപ്പെടെയുള്ളവരുടെ ഓഫീസ്‌, ഹാൾ എന്നിവയാണ്‌ അഡ്‌മിനിസ്ട്രേറ്റീവ്‌    ബ്ലോക്കിലുള്ളത്‌.  രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽയുടെ ഫണ്ടിൽനിന്നുള്ള  72 ലക്ഷം രൂപ ഉപയോഗിച്ചാണ്‌  അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസ്‌ നിർമിച്ചത്‌. Read on deshabhimani.com

Related News