ഒന്നര മാസത്തിനുള്ളിൽ അമ്പതിനായിരം രോഗികൾ രണ്ടരലക്ഷം കടന്ന് കോവിഡ്



കണ്ണൂർ ജില്ലയിൽ  കോവിഡ് ബാധിതരായവരുടെ എണ്ണം രണ്ടരലക്ഷം കടന്നു. ശനി 1119 പേരാണ് കോവിഡ് പോസിറ്റീവായത്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത  പോസിറ്റീവ് കേസുകള്‍ 2,50,431 ആയി. ഒന്നര മാസത്തിനുള്ളിലാണ് അമ്പതിനായിരം രോഗികൾ വർധിച്ചത്. കോവിഡ് അതിവേഗം വ്യാപിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനകളാണ് കണക്കുകൾ നൽകുന്നത്. 2020 മാർച്ചിലാണ് ജില്ലയിൽ ആദ്യ കോവിഡ് പോസിറ്റീവ് കേസ് രേഖപ്പെടുത്തിയത്. 11 മാസത്തിനുശേഷം 2021 ഫെബ്രുവരിയിൽ രോഗികളുടെ എണ്ണം അരലക്ഷമായി. മൂന്നുമാസം കഴിയുമ്പോഴേക്കും മെയ് ആറിന് രോഗികളുടെ എണ്ണം  ഒരു ലക്ഷമായി. രണ്ടരമാസംകൊണ്ട് വീണ്ടും ഒരു ലക്ഷംകൂടി. ആഗസ്ത് 16ന്  രണ്ടുലക്ഷം കടന്നു. ഇപ്പോൾ 43 ദിവസംകൊണ്ടാണ് വീണ്ടും രോഗികളുടെ എണ്ണം അരലക്ഷം വർധിച്ച് രണ്ടര ലക്ഷം കടന്നത്.  രോഗം ഭേദമായവരുടെ എണ്ണം 2,40,802 ആണ്.  1574 പേര്‍ കോവിഡുമൂലം മരിച്ചു.   1915179 സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1914378 എണ്ണത്തിന്റെ ഫലം വന്നു. 801 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.   Read on deshabhimani.com

Related News