സേവനപാതയിൽ 
സിവിൽ ഡിഫൻസ്‌



ചക്കരക്കൽ കേസിൽ ഉൾപ്പെട്ട വാഹനങ്ങൾ സൂക്ഷിക്കുന്ന മുഴപ്പാല പള്ളിമെട്ടയിലെ സ്ഥലം ശുചീകരിക്കുന്ന തിരക്കിലാണ്‌  സിവിൽ ഡിഫൻസ്‌ സേനാംഗങ്ങൾ. വിവിധ അബ്കാരി, മണൽകടത്ത്‌ കേസുകളിൽ  ഉൾപ്പെട്ട വാഹനങ്ങൾ സൂക്ഷിക്കുന്ന യാർഡ്‌ മൂന്ന്‌ ദിവസമായി കാട്‌ വെട്ടിത്തെളിച്ചും മാലിന്യം  നീക്കിയുമാണ്‌ ശുചീകരിക്കുന്നത്‌. കെ ഷൈമ, പി വി രാധിക, പി സമീറ, എ ഷഖിൽ, കെ ബേബി തുടങ്ങി നാൽപത്‌  പേരാണ്‌  കർമനിരതരായുള്ളത്‌. ഫയർ ആൻഡ്‌ റസ്‌ക്യു  വിഭാഗത്തെ നിർണായക ഘട്ടത്തിൽ സഹായിക്കുന്നതിന് സംസ്ഥാന സർക്കാർ രൂപംകൊടുത്ത സിവിൽ ഡിഫൻസ് സേന  സേവനവഴിയിൽ പുതുചരിത്രം രചിക്കുകയാണ്. ജില്ലയിലെ 10 അഗ്നിരക്ഷാനിലയത്തിന്‌  കീഴിൽ  50 പേരെ തെരഞ്ഞെടുത്ത്‌ രൂപീകരിച്ച  സിവിൽ ഡിഫൻസിൽ  ഇന്ന്‌  500 അംഗങ്ങളുണ്ട്‌.   സൗജന്യ സേവനമാണ് ഇവരുടേത്. സ്റ്റേഷൻ,  ജില്ലാ, സംസ്ഥാന  തലങ്ങളിൽ  വിദഗ്‌ധ പരിശീലനം നൽകിയാണ്‌  നിർണായക ഘട്ടങ്ങളിലെ സഹായത്തിന്‌  ഒരുക്കി നിർത്തിയത്‌. അപകടങ്ങൾ, തീപിടിത്തം തുടങ്ങിയ ഘട്ടത്തിൽ സിവിൽ ഡിഫൻസിന്റെ  സേവനം ഫയർഫോഴ്സ് തേടാറുണ്ട്. പ്രളയകാലത്തും കോവിഡിലും ഇവരുടെ പ്രവർത്തനം മാതൃകയായിരുന്നു.    പൊതു സ്ഥാപനങ്ങളുടെ ശുചീകരണം, പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നടൽ, കോവിഡ്‌  ഘട്ടത്തിൽ  മരുന്നും മറ്റ് അവശ്യസാധനങ്ങളും എത്തിക്കൽ, ഭക്ഷണ വിതരണം, കാഞ്ഞിരോട് അങ്കണവാടി പുനരുദ്ധാരണം,  റെയിൽവേ സ്റ്റേഷൻ ശുചീകരണം, ചെറുകുന്ന് ഗേൾസ് സ്കൂൾ ശുചീകരണം  എന്നിവയും  മാതൃകാ പ്രവർത്തനങ്ങൾ.   Read on deshabhimani.com

Related News