എൽഡിഎഫ്‌ മുന്നേറ്റത്തിന്‌ കണ്ണൂരും 
കരുത്തുപകർന്നു: എം വി ജയരാജൻ



കണ്ണൂർ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ജില്ലയും എൽഡിഎഫിന്റെ മുന്നേറ്റത്തിനു കരുത്തുപകർന്നതായി സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രസ്‌താവനയിൽ പറഞ്ഞു.  ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച്‌ വാർഡുകളിൽ മൂന്നിലും എൽഡിഎഫ് വിജയിച്ചത്‌ വോട്ടും ഭൂരിപക്ഷവും വർധിപ്പിച്ചാണ്.  ബിജെപിയുടെ വോട്ടുകൾ മൂന്നിടത്തും മറിച്ചുനൽകിയിട്ടും യുഡിഎഫിന് വോട്ട് വർധിപ്പിക്കാൻ കഴിഞ്ഞില്ല.  ഈ വിജയം എൽഡിഎഫ് സർക്കാരിന്റെ വികസന-–- ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. ജനകീയാസൂത്രണത്തിന്റെ  25 വർഷം പൂർത്തിയാകുമ്പോൾ അധികാര വികേന്ദ്രീകരണത്തിന്റെ കേരളമാതൃക ലോകത്തിന് നൽകിയ എൽഡിഎഫിനുള്ള പിന്തുണകൂടിയാണിത്.  2020ലെ തെരഞ്ഞെടുപ്പിനേക്കാൾ മുഴപ്പിലങ്ങാട് 99 ഉം കുറുമാത്തൂരിൽ 64ഉം വോട്ടുകൾ ബിജെപിക്ക് കുറഞ്ഞു. കക്കാട്‌ ഡിവിഷനിൽ എസ്ഡിപിഐ സ്ഥാനാർഥിയെ നിർത്തിയില്ല. കഴിഞ്ഞ തവണ അവർക്ക് കിട്ടിയ നൂറിലധികം വോട്ടുകൾ യുഡിഎഫിന് ചെയ്യണമെന്നാണ് അണികൾക്ക് നൽകിയ നിർദേശം. ഇത്തരത്തിൽ ബിജെപി, - എസ്ഡിപിഐ വോട്ടുകൾ രാഷ്ട്രീയ കച്ചവടത്തിലൂടെ യുഡിഎഫ് വിലയ്‌ക്കു വാങ്ങി. വർഗീയ തീവ്രവാദികളുടെ  വോട്ടുകൊണ്ടാണ് ഈ ജയം.  നീർവേലിയിൽ ഇരു വർഗീയ ശക്തികളും വർഗീയ ധ്രുവീകരണം ഉണ്ടാക്കിയാണ് നേട്ടമുണ്ടാക്കിയത്.  ഭൂരിപക്ഷം വാർഡുകളിലും എൽ ഡി എഫ് 2020 നേക്കാൾ തിളക്കമാർന്ന വിജയം കൈവരിച്ചു. ജനങ്ങൾ എൽഡിഎഫിന് ഒപ്പമാണ്–- പ്രസ്‌താവനയിൽ പറഞ്ഞു. എൽഡിഎഫിന് വോട്ട് നൽകിയ ജനങ്ങളെയും വിജയത്തിനുവേണ്ടി പ്രവർത്തിച്ച പ്രവർത്തകരെയും എം വി ജയരാജൻ അഭിവാദ്യം ചെയ്‌തു. Read on deshabhimani.com

Related News