മാടായിയിലെ തൊഴിൽസമരം 
നൂറുനാൾ പിന്നിട്ടു



പഴയങ്ങാടി  മാടായി ശ്രീപോർക്കലി സ്റ്റീൽസിലെ  തൊഴിൽ നിഷേധത്തിനും  ഉടമ പി വി മോഹൻലാലിന്റെ  ധാർഷ്ട്യത്തിനുമെതിരെ ചുമട്ടുതൊഴിലാളികൾ ആരംഭിച്ച സമരം നൂറുദിവസം പിന്നിട്ടു. പഴയങ്ങാടി, ഏഴോം  പ്രദേശങ്ങളിലെ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ തൊഴിൽ കാർഡുള്ള വിവിധ യൂണിയനുകളിൽപ്പെട്ട മുപ്പതോളം ചുമട്ടുതൊഴിലാളികൾക്ക്‌ തൊഴിൽ നിഷേധിക്കുന്നതിനെതിരെയാണ്‌ സമരം.    പഴയങ്ങാടിയിൽ വ്യാപാരികളുമായി ഇതേവരെ ഒരു തൊഴിൽത്തർക്കവും ഉണ്ടായിട്ടില്ല. വ്യാപാരി പ്രതിനിധികളും യൂണിയൻ നേതാക്കളും ചർച്ചചെയ്‌തുണ്ടാക്കുന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് കൂലി നിശ്ചയിക്കുന്നത്. അഞ്ചുമാസം മുമ്പാണ് ശ്രീപോർക്കലി സ്റ്റീൽസ് തുടങ്ങിയത്. പഴയങ്ങാടിയിലെ ചുമട്ടുതൊഴിലാളികൾക്ക് തൊഴിൽ നൽകില്ലെന്നതാണ്  ഉടമയുടെ നിലപാട്. പുറമെനിന്ന്‌ ആളുകളെ കൊണ്ടുവന്ന്‌ ജോലി ചെയ്യിക്കുമെന്നുള്ള പിടിവാശിയാണ് ഉടമയ്‌ക്ക്‌. ഇതേ തുടർന്നാണ് തൊഴിലാളികൾ സമരം തുടങ്ങിയത്.    തൊഴിൽ നിഷേധത്തിനെതിരെയുളള സമരത്തിന് സഹായ സമിതിയും രൂപീകരിച്ചു. മൂന്നു തവണ ജില്ലാ ലേബർ ഓഫീസർ വിളിച്ചുചേർത്ത അനുരഞ്ജന ചർച്ചയിൽ പങ്കെടുക്കാൻപോലും സ്ഥാപനമുടമ കൂട്ടാക്കിയില്ല. ട്രേഡ് യൂണിയൻ സംഘടനകളും  മറ്റു വർഗ–- ബഹുജന സംഘടനകളും സമരത്തിന് ഐക്യദാർഢ്യവുമായെത്തി സത്യഗ്രഹം നടത്തി. സിപിഐ എം  ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉൾപ്പെടെയുള്ളവർ ഐക്യദാർഢ്യ സദസ്സുകളിൽ പങ്കെടുത്തു.      ഒരു സ്ഥാപനത്തിലെ തൊഴിൽപ്രശ്‌നം എന്നതിനപ്പുറം മാനങ്ങളുണ്ട്‌ ഈ സമരത്തിന്‌. തൊഴിലാളികളുടെ അവകാശങ്ങളും തൊഴിൽസുരക്ഷയും ഇല്ലാതാക്കാനുള്ള സംഘടിതനീക്കങ്ങൾക്കെതിരായ ജീവൽപോരാട്ടമാണിത്‌. ശ്രീപോർക്കലി ഉടമയുടെ പാത പിന്തുടർന്ന്‌ എല്ലാ വ്യാപാരികളും സ്വന്തം നിലയ്‌ക്ക്‌ തൊഴിലാളികളെ വച്ചാൽ അംഗീകൃത തൊഴിലാളികൾ എങ്ങനെ ജീവിക്കും? ഈ തിരിച്ചറിവിൽനിന്നാണ്‌ വിവിധവിഭാഗം തൊഴിലാളികളും ബഹുജനങ്ങളുമെല്ലാം പിന്തുണയുമായെത്തുന്നത്‌. എല്ലാവരുടെയും സഹായത്തോടെ സമരം കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് തൊഴിലാളികളുടെ തീരുമാനം.   Read on deshabhimani.com

Related News