അണിചേർന്ന്‌ വനിതാ കർഷകർ, പിന്തുണയുമായി വനിതാ സംഘടനകൾ

ഡൽഹിയിലെ കർഷക സമരത്തിന്‌ ഐക്യദാർഢ്യവുമായി ഇടത്‌ ജനാധിപത്യ മഹിളാ മുന്നണി കണ്ണൂരിൽ നടത്തിയ പ്രകടനം


കണ്ണൂർ സംയുക്ത കർഷകസമിതി കണ്ണൂർ ഹെഡ്‌പോസ്‌റ്റോഫീസിനുമുന്നിൽ നടത്തുന്ന അനിശ്‌ചിതകാല സത്യഗ്രഹം 29ാം ദിവസത്തിലേക്ക്‌ കടന്നു. തിങ്കളാഴ്‌ച സമരത്തിൽ നൂറുകണക്കിന്‌ വനിതാകർഷകർ പങ്കെടുത്തു.  സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്‌ഘാടനംചെയ്‌തു. കർഷകസമരം അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാർ ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്ന്‌ പി കെ ശ്രീമതി പറഞ്ഞു. സി വി മാലിനി അധ്യക്ഷയായി. ലോക്‌താന്ത്രിക്‌ ജനദാതൾ  ജില്ലാ പ്രസിഡന്റ്‌  കെ പി മോഹനൻ, കർഷകസംഘം സംസ്ഥാന ജോയിന്റ്‌സെക്രട്ടറി എം പ്രകാശൻ, സംയുക്ത കർഷകസമിതി കൺവീനർ  വത്സൻ പനോളി, ചെയർമാൻ എ പ്രദീപൻ, നാഷണലിസ്‌റ്റ്‌ കിസാൻസഭ ജില്ലാ പ്രസിഡന്റ്‌ ശ്രീനിവാസൻ മറോളി, അഡ്വ. എ ജെ ജോസഫ്‌, കണ്ണാടിയൻ ഭാസ്‌കരൻ  എന്നിവർ സംസാരിച്ചു. ചൊവ്വാഴ്‌ച തലശേരി അതിരൂപത ഉപാധ്യക്ഷൻ ഡോ. ജോസഫ്‌ പ്ലംപാനി ഉദ്‌ഘാടനംചെയ്യും. സത്യഗ്രഹത്തിന്‌ അഭിവാദ്യവുമായി അധ്യാപക സംഘടനയായ കെഎസ്‌ടിഎ പ്രവർത്തകരുമെത്തി. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എ കെ ബീന സംസാരിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം എ കെ രമ്യ, അഖില, എസ്‌എഫ്‌ഐ മാതൃകം ജില്ലാ കൺവീനർ അഖില ബാലകൃഷ്‌ണൻ, എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം കെ അനുശ്രീ എന്നിവർ സമരത്തെ അഭിവാദ്യം ചെയ്‌തു. Read on deshabhimani.com

Related News