വാതില്‍പ്പടിക്കരികെ സർക്കാർ

വാതിൽപ്പടി സേവനത്തിന്റെ ജില്ലാതല ഉദ്ഘാടനം ചിറക്കൽ പഞ്ചായത്തിലെ പുതിയതെരു ചാലുവയൽ പ്രതീക്ഷയിൽ 
കെ വി ഹസൻ, റംല ദമ്പതികൾക്ക് ജീവൻരക്ഷാ മരുന്നുകൾ നൽകി കെ വി സുമേഷ് എംഎൽഎ നിർവഹിക്കുന്നു. 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ, കലക്ടർ എസ് ചന്ദ്രശേഖർ എന്നിവർ സമീപം.


കണ്ണൂർ  വാതിൽപ്പടി സേവനം പൈലറ്റ് പദ്ധതിക്ക്‌ കണ്ണൂർ ജില്ലയിൽ തുടക്കമായി.  മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്‌തു. അഴീക്കോട് മണ്ഡലത്തിലെ അഴീക്കോട്, ചിറക്കൽ, നാറാത്ത്, പാപ്പിനിശേരി, വളപട്ടണം പഞ്ചായത്തുകളിലും കണ്ണൂർ കോർപ്പറേഷനിലുമാണ് പദ്ധതി.   സർക്കാരിന്റെ ക്ഷേമ പദ്ധതികൾ ലഭിക്കുന്നതിനുള്ള മസ്റ്ററിങ്, ലൈഫ് സർട്ടിഫിക്കറ്റ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ, സാമൂഹിക സുരക്ഷ പെൻഷൻ, ജീവൻരക്ഷാ മരുന്നുകൾ എന്നിവയ്ക്കുള്ള അപേക്ഷ തയ്യാറാക്കൽ, അടിയന്തരാവശ്യത്തിനുള്ള മരുന്നുകൾ എത്തിക്കൽ തുടങ്ങിയ സേവനങ്ങളാണ് ആദ്യഘട്ടത്തിൽ. അക്ഷയകേന്ദ്രങ്ങൾ വഴിയുള്ള സേവനം  വീടുകളിൽ എത്തിക്കും.  സേവനം ആവശ്യമുള്ളവരുടെ പട്ടിക വാർഡ് തലത്തിൽ തയ്യാറാക്കും. അക്ഷയ കേന്ദ്രങ്ങൾ, സന്നദ്ധ പ്രവർത്തകർ, ആശാവർക്കർമാർ തുടങ്ങിയവരുടെ സഹായത്തോടെയാണ് പദ്ധതി.  ചിറക്കൽ പഞ്ചായത്തിലെ പുതിയതെരു ചാലുവയലിൽ  വാടകയ്ക്ക് താമസിക്കുന്ന കെ വി ഹസ്സൻ  എം റംല ദമ്പതികൾക്ക് ജീവൻരക്ഷാ മരുന്ന്‌ നൽകിയാണ് ജില്ലയിൽ വാതിൽപ്പടി സേവനത്തിന്‌ തുടക്കമിട്ടത്. കെ വി സുമേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ  എന്നിവർ ചേർന്ന് മരുന്ന് കൈമാറി. അസി. കലക്ടർ മുഹമ്മദ് ഷഫീക്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജിഷ, ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ്‌ പി ശ്രുതി, വൈസ് പ്രസിഡന്റ് പി അനിൽകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ കെ വത്സല, സെക്രട്ടറി ടി ഷിബുകിരൺ, കില കോ ഓർഡിനേറ്റർ പി പി രത്‌നാകരൻ, വളണ്ടിയർമാരായ ടി പ്രദീപൻ, പി ഗിരീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.  അഴീക്കോട് പഞ്ചായത്തിൽ  കെ വി സുമേഷ് എംഎൽഎ, പാപ്പിനിശ്ശേരിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, നാറാത്ത് കലക്ടർ എസ് ചന്ദ്രശേഖർ, വളപട്ടണത്ത്‌ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി സരള എന്നിവർ ഉദ്ഘാടനം ചെയ്തു. അഴീക്കോട് മണ്ഡലത്തിലെ മുഴുവൻ വാർഡുകളിലും വാതിൽപ്പടി സേവനം  ആരംഭിച്ചു.  Read on deshabhimani.com

Related News