വീടിന് ബോംബെറിഞ്ഞയാൾ 
25 വർഷത്തിനുശേഷം അറസ്റ്റിൽ



ശ്രീകണ്ഠപുരം സിപിഐ എം പ്രവർത്തകന്റെ വീടിന് ബോംബെറിഞ്ഞ കേസിൽ  പിടികിട്ടാപ്പുള്ളിയായ കോൺഗ്രസുകാരൻ 25 വർഷത്തിനുശേഷം അറസ്റ്റിൽ. കോട്ടയം പാല മീനച്ചൽ പൂവരന്നിയിലെ തെക്കേമഠത്തിൽ സണ്ണി (51) യെയാണ് എസ്‌ഐ ഇ പി സുരേശൻ, അസി. സബ് ഇൻസ്പെക്ടർ എ പ്രേമരാജൻ എന്നിവരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച പുലർച്ചെ അറസ്റ്റ് ചെയ്തത്.    1996 സെപ്തംബർ 29ന് രാത്രിയാണ്‌ കൊട്ടൂർവയലിലെ തോമസിന്റെ വീടിന് ബോംബെറിഞ്ഞത്. കോട്ടയം സ്വദേശിയായ സണ്ണി കൃഷിയാവശ്യത്തിനാണ് കോട്ടൂർ വയലിലെത്തിയത്. തോമസിന്റെ വീടിന് സമീപമായിരുന്നു സണ്ണിയും സംഘവും താമസിച്ചിരുന്നത്.  പ്രാദേശിക രാഷ്ട്രീയ പ്രശ്നങ്ങളുടെപേരിൽ സണ്ണിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം ബോംബെറിയുകയായിരുന്നു. സംഭവശേഷം  മുങ്ങിയ സണ്ണി പലയിടത്തായി ഒളിവിൽ കഴിയുകയായിരുന്നു. 2005 ൽ തളിപ്പറമ്പ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ലോറി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന  ഇയാൾ പാലായിലെ വീട്ടിലെത്തിയതായുള്ള രഹസ്യവിവരത്തെ തുടർന്ന് പുലർച്ചെ പൊലീസ് സംഘമെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റു പ്രതികൾ നേരത്തെ പിടിയിലായിരുന്നു. Read on deshabhimani.com

Related News