തളിപ്പറമ്പിലെ പൊതുമരാമത്ത് പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി എം വി ഗോവിന്ദന്‍



  തളിപ്പറമ്പ്  തളിപ്പറമ്പ്‌ മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ. പ്രവൃത്തികൾക്ക്‌ സമയം നീട്ടി നൽകാൻ അനുമതി തേടുന്ന പ്രവണത അവസാനിപ്പിക്കണം.  കാലാവധിക്കകം പ്രവൃത്തി പൂർത്തിയാക്കാത്ത കരാറുകാരെ ഒഴിവാക്കാൻ മന്ത്രി  നിർദേശിച്ചു. മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ്‌ റോഡുകൾ, പാലങ്ങൾ, കെട്ടിടം, ഇലക്ട്രിക്കൽ തുടങ്ങിയ പ്രവൃത്തികളുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.    കാലാവധി കഴിഞ്ഞിട്ടും പ്രവൃത്തി പൂർത്തിയാക്കാതിരുന്ന കോലത്തുവയൽ–- - പാളിയത്തുവളപ്പ് -–- പാന്തോട്ടം–- -വെള്ളിക്കീൽ റോഡ് കരാറുകാരൻ എം ഡി ഫായിസിനെ ഒഴിവാക്കി. കരാർ പ്രകാരം 2020 ഒക്ടോബറിൽ പ്രവൃത്തി പൂർത്തിയാക്കേണ്ടതായിരുന്നു.  രണ്ടുതവണ സമയം നീട്ടി നൽകിയിട്ടും പ്രവൃത്തി തീർക്കാത്ത സാഹചര്യത്തിലാണ് കരാറുകാരനെ നീക്കം ചെയ്തത്. റീടെൻഡർ ചെയ്ത് പ്രവൃത്തി വേഗത്തിൽ ആരംഭിക്കും.     അമ്മാനപ്പാറ-–-തിരുവട്ടൂർ-–-ചപ്പാരപ്പടവ് റോഡ് പ്രവൃത്തി ആരംഭിക്കുന്നതിന് മുന്നോടിയായി ജനകീയ കമ്മിറ്റി രൂപീകരിക്കാൻ  യോഗം തീരുമാനിച്ചു. ചൊറുക്കള–- - ബാവുപ്പറമ്പ–- - മയ്യിൽ - കൊളോളം–- എയർപോർട്ട്‌ ലിങ്ക് റോഡ്, ഇ ടി സി - പൂമംഗലം റോഡ്, കൊടിലേരി പാലം, മങ്കരപാലം, അടൂർക്കടവ് പാലം  പ്രവൃത്തി ഉടൻ ആരംഭിക്കും. മണ്ഡലത്തിലെ യാത്രായോഗ്യമല്ലാത്ത പ്രധാന റോഡുകളുടെ നവീകരണത്തിന്  സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ട്.  ഈ പ്രവൃത്തികളും  ഉടൻ ആരംഭിക്കും. സ്‌കൂൾ കെട്ടിട നിർമാണം ജൂൺ മാസത്തിനകം പൂർത്തിയാക്കും.      യോഗത്തിൽ പൊതുമരാമത്ത്‌ സൂപ്രണ്ടിങ് എൻജിനിയർ ദിലീപ്, ദേശീയപാത  എക്‌സിക്യൂട്ടീവ് എൻജിനിയർ കെ എം ഹരീഷ്, പിഡബ്ല്യൂഡി റോഡ്‌സ് കണ്ണൂർ എക്‌സിക്യൂട്ടീവ് എൻജിനിയർ എം ജഗദീഷ്, പിഡബ്ല്യൂഡി ബിൽഡിങ് എക്‌സിക്യൂട്ടീവ് എൻജിനിയർ ജിഷകുമാരി, കെആർഎഫ്ബി അസി. എക്‌സിക്യൂട്ടീവ് എൻജിനിയർമാരായ കെ വി മനോജ്കുമാർ, പി സജിത്ത് എന്നിവർ പങ്കെടുത്തു.  Read on deshabhimani.com

Related News