കുറ്റിക്കോലിൽ കെഎസ്‌ആർടിസി ബസ്സുകളും ലോറിയും കൂട്ടിയിടിച്ച്‌ 15 പേർക്ക്‌ പരിക്ക്‌

ദേശീയപാതയിൽ കുറ്റിക്കോലിൽ വാഹനാപകടത്തിൽപ്പെട്ട കെഎസ്‌ആർടിസി ബസ്സും ലോറിയും


  ദേശീയപാതയിൽ കുറ്റിക്കോലിൽ കെഎസ്‌ആർടിസി ബസ്സുകളും  നാഷണൽ പെർമിറ്റ്‌ ലോറിയും കൂട്ടിയിടിച്ച്‌ ഡ്രൈവർ ഉൾപ്പെടെ  15 പേർക്ക്‌ പരിക്ക്‌. വ്യാഴം പുലർച്ചെ 5.30ന്‌ കുറ്റിക്കോൽ പാലത്തിന്‌ സമീപത്താണപകടം. ഇരുകാലുകൾക്കും  ഗുരുതര പരിക്കേറ്റ  കെഎസ്‌ആർടിസി ബസ്‌ ഡ്രൈവർ വേങ്ങാട്‌ സ്വദേശി പി കെ ശ്രീജിത്തിനെ കണ്ണൂർ മിംസ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  സീറ്റിനുള്ളിൽ കുടുങ്ങിയ  ഡ്രൈവറെ  ഫയർഫോഴ്‌സ്‌ എത്തിയാണ്‌ പുറത്തെടുത്തത്‌. പരിക്കേറ്റ ബസ്‌ യാത്രക്കാരായ എളയാവൂരിലെ മോഹനൻ (56), ഷീല (35), മഞ്ജുനാഥ്‌ (15), ദേവനന്ദ (13) എന്നിവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും തളിപ്പറമ്പ്‌ സ്വദേശികളായ അനവദ്യ (15), കെ ഷൈജ (42), മാതമംഗലത്തെ നകുൽ (23), കണ്ണൂർ സ്വദേശികളായ പ്രകാശൻ (57), അബ്‌ദുൾ ഖാദർ (54), വിനോദ്‌ (44), മാത്തിലെ പ്രിയ (41), ചക്കരക്കൽ സ്വദേശി റിയാസ്‌ (45), ഇടുക്കി സ്വദേശികളായ റീത്ത (50), പോൾ (55) എന്നിവരെ തളിപ്പറമ്പ്‌ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.      കണ്ണൂരിൽനിന്ന്‌ കാസർകോട്ടേക്ക്‌ പോകുന്ന  കെഎസ്‌ആർസി ബസ്സിന്‌ പിറകിൽ തളിപ്പറമ്പ്‌ ഭാഗത്തേക്ക്‌  ചരക്കുമായി പോകുന്ന  നാഷണൽ പെർമിറ്റ്‌ ലോറി ഇടിക്കുകയായിരുന്നു. കനത്ത മഴയായതിനാൽ  അപകടത്തിനിടെ  തൊട്ടുപിറകിലുണ്ടായിരുന്ന കെഎസ്‌ആർടിസി ടൗൺ ടു ടൗൺ  ബസ്‌ ലോറിയുടെ പിറകിലിടിച്ചു.  ഈ ബസ്സുലുണ്ടായിരുന്നവർക്കാണ്‌ പരിക്കേറ്റത്‌.  ധർമശാലയിലെ റൂറൽ എസ്‌പി സ്‌ക്വാഡും  പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിനെത്തി.  അപകടത്തെതുടർന്ന്‌ ദേശീയപാതയിൽ ഏറെ നേരം  ഗതാഗതതടസ്സമുണ്ടായി.  Read on deshabhimani.com

Related News