യുവലക്ഷങ്ങളെ അണിനിരത്തി മഹാപ്രകടനം

ഡിവൈഎഫ്ഐ കണ്ണൂർ ജവഹർ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ പ്രതിജ്ഞയെടുക്കുന്നു


തിരുവനന്തപുരം രാജ്യം പൊരുതിനേടിയ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുമെന്ന്‌ പ്രതിജ്ഞയെടുത്ത്‌ എഴുപത്തഞ്ചാം വാർഷിക ദിനത്തിൽ യുവതയുടെ മഹാപ്രകടനം. ‘എന്റെ ഇന്ത്യ, എവിടെ ജോലി? എവിടെ ജനാധിപത്യം?’ എന്ന മുദ്രാവാക്യമുയർത്തി ജില്ലാ കേന്ദ്രങ്ങളിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ഫ്രീഡം സ്‌ട്രീറ്റിൽ ലക്ഷക്കണക്കിന്‌ യുവതീയുവാക്കൾ അണിനിരന്നു. ജനാധിപത്യത്തെ വേട്ടയാടുന്ന സംഘപരിവാർ ശക്തികൾക്കെതിരെയും രാജ്യത്ത് വർധിച്ചുവരുന്ന തൊഴിലില്ലായ്‌മയ്‌ക്കെതിരെയും പോരാട്ടം ശക്തമാക്കുമെന്നും യുവത പ്രതിജ്ഞയെടുത്തു. തലസ്ഥാനത്ത്‌ ആയിരക്കണക്കിന്‌ യുവാക്കൾ നടത്തിയ പ്രകടനത്തിനുശേഷം പൂജപ്പുര മൈതാനിയിൽ ചേർന്ന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. കണ്ണൂർ ജവഹർ സ്‌റ്റേഡിയം ഗ്രൗണ്ടിലേക്ക്‌ ശുഭ്രപതാകയുമേന്തി ഒഴുകിയെത്തിയ ആയിരക്കണക്കിന്‌ യുവതീയുവാക്കൾ ഫ്രീഡം സ്‌ട്രീറ്റിൽ ഒത്തുചേർന്നു. ‘എന്റെ ഇന്ത്യ... എവിടെ ജോലി, എവിടെ ജനാധിപത്യം, മതനിരപേക്ഷതയുടെ കാവലാളാവുക’  മുദ്രാവാക്യമുയർത്തിയാണ്‌ ഡിവൈഎഫ്‌ഐ സ്വാതന്ത്ര്യ ദിനത്തിൽ ഫ്രീഡം സ്ട്രീറ്റ്  സംഘടിപ്പിച്ചത്‌.    സ്വതന്ത്ര ഇന്ത്യ 75 വർഷം പിന്നിടുമ്പോഴും രാജ്യത്ത്‌ വർധിച്ചുവരുന്ന തൊഴിലില്ലായ്‌മ ഉയർത്തിക്കാട്ടുകയായിരുന്നു ഫ്രീഡം സ്‌ട്രീറ്റ്‌. ജനവിരുദ്ധവും വികലവുമായ സാമ്പത്തിക നയങ്ങൾ കാരണം  തൊഴിലില്ലായ്‌മ വർധിച്ചതിനെതിരെയായിരുന്നു  യുവതയുടെ പ്രതിഷേധം.  ഹിന്ദുത്വദേശീയതയെ ആഘോഷമാക്കാനും അംഗീകരിക്കാനുമുള്ള സംഘടിത ശ്രമങ്ങളെ ചെറുക്കുമെന്നും യുവത പ്രതിജ്ഞയെടുത്തു. കേന്ദ്രസർക്കാർ സംവിധാനങ്ങൾ തന്നെ മതരാഷ്‌ട്രവാദത്തിന്റെ വക്താക്കളാവുമ്പോൾ മതനിരപേക്ഷതയുടെ കാവലാളാകുമെന്നും ഫ്രീഡം സ്‌ട്രീറ്റിൽ യുവത പ്രതിജ്ഞയെടുത്തു.   മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ് അഫ്സൽ അധ്യക്ഷനായി.  ട്രഷറർ കെ ജി ദിലീപ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം വി ജയരാജൻ, ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മറ്റിയംഗം എം വിജിൻ എംഎൽഎ, എസ്‌എഫ്‌ഐ  സംസ്ഥാന സെക്രട്ടറി പി എം ആർഷോ, പ്രസിഡന്റ്‌ കെ അനുശ്രീ, എം വി ഷിമ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സരിൻ ശശി സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News