മികവിന്റെ നെറുകയിലേക്ക് തളിപ്പറമ്പ്‌

തളിപ്പറമ്പ്‌ മണ്ഡലം വികസന സെമിനാർ മന്ത്രി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു


തളിപ്പറമ്പ്‌ മണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട്‌ സംഘടിപ്പിച്ച സെമിനാറിൽ വിവിധ മേഖലകളിലുള്ളവർ മുന്നോട്ടുവച്ച കാഴ്‌ചപ്പാടുകളും അഭിപ്രായങ്ങളും  തളിപ്പറമ്പിന്റെ മുഖംമാറ്റുന്ന വികസനമുന്നേറ്റത്തിന്‌ വഴിയൊരുക്കും.  സെമിനാറിന്റെ ഭാഗമായി മണ്ഡലത്തിന്റെ സർവതല സ്പർശിയായ വികസനത്തിനും സുസ്ഥിര വളർച്ചയ്ക്കുമായി 13 വിഷയങ്ങൾ ഉൾക്കൊള്ളിച്ച് ഗ്രൂപ്പ് ചർച്ച നടത്തി.  കരട് ചർച്ചക്കുശേഷം മന്ത്രി മറുപടി നൽകി. വികസന രേഖയിലെ പദ്ധതികൾക്ക് പൂർണ രൂപം നൽകുന്നതിന് 13 ഗ്രൂപ്പുകളിലെ ചെയർമാൻ, കൺവീനർ എന്നിവരെ ഉൾപ്പെടുത്തി 35 അംഗ സമിതിയെ തെരഞ്ഞെടുത്തു. വേലിക്കാത്ത് രാഘവൻ അധ്യക്ഷനായി. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ വികസന കാഴ്ചപ്പാട് അവതരിപ്പിച്ചു. കെ ദാമോദരൻ  കരട് വികസന രേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ, കലക്ടർ എസ് ചന്ദ്രശേഖർ, തളിപ്പറമ്പ്‌ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി എം കൃഷ്ണൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ റോബർട്ട് ജോർജ്, പി കെ പ്രമീള, ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ, തളിപ്പറമ്പ് നഗരസഭാ ചെയർമാൻ മുർഷിദ കൊങ്ങായി തുടങ്ങിയവർ പങ്കെടുത്തു.   തളിപ്പറമ്പ് മോഡൽ ലക്ഷ്യം ഓരോ കുടുംബത്തിന്റെയും സമഗ്ര വികസനത്തിലൂന്നിയുള്ള തളിപ്പറമ്പ് മോഡലാണ് ലക്ഷ്യമെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. തരിശുരഹിത തളിപ്പറമ്പാണ്‌ ലക്ഷ്യം. 1100 കോടിയുടെ വിവിധ പ്രവൃത്തികളാണ് ഇപ്പോൾ നടപ്പാക്കുന്നത്. ചൊറുക്കള- –-ബാവുപ്പറമ്പ്–-- മയ്യിൽ–-- എയർപോർട്ട് ലിങ്ക് റോഡ് ഉൾപ്പെടെ 551.63 കോടിയുടെ റോഡുകളുടെ പ്രവൃത്തികളും  പുരോഗമിക്കുന്നു.  ടൂറിസം രംഗത്തെ സമഗ്ര വികസനം ലക്ഷ്യമിട്ട് തളിപ്പറമ്പ് കേന്ദ്രമായി ടൂറിസം പദ്ധതി രൂപപ്പെടുത്തും.  ഒമ്പതോളം ആരാധനാലയങ്ങളെ ഉൾപ്പെടുത്തി തീർഥാടന ടൂറിസം സർക്യൂട്ട് രൂപീകരിക്കും. പറശ്ശിനിക്കടവ് ടൂറിസത്തിന് പ്രത്യേക പദ്ധതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News