പുഴയിൽ കാണാതായ യുവാവിനായുള്ള തെരച്ചിൽ നിർത്തി

കാര്യങ്കോട് പുഴയിൽ കാണാതായ യുവാവിനായി നടത്തിയ തെരച്ചിൽ


ചെറുപുഴ കാര്യങ്കോട് പുഴയിൽ നീന്താനിറങ്ങി  കാണാതായ പെരിങ്ങോം കൊരങ്ങാട്ടെ പ്രദീപനെ(42)യുള്ള തെരച്ചിൽ അവസാനിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ആരംഭിച്ച തെരച്ചിൽ പകൽ  മൂന്നോടെ നിർത്തി. ഞായറാഴ്ച സുഹൃത്ത് ഷനിലിനൊപ്പം ചെറുപുഴയിലെത്തിയ പ്രദീപൻ പുതിയ പാലത്തിന് സമീപം  പകൽ മൂന്നോടെ ആവുള്ളാൻ കയത്തിൽ നീന്താനിറങ്ങിയതാണ്. നീന്തുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. ഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും പെരിങ്ങോം അഗ്നിരക്ഷാ സേനയും തെരച്ചിൽ നടത്തി. രാത്രിയാകും വരെ ഫൈബർ ബോട്ടുകളും ക്യാമറ അടക്കമുള്ള ഉപകരണങ്ങളുമായി തെരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായില്ല. വെളിച്ചക്കുറവ് മൂലം നിർത്തിവച്ച തെരച്ചിൽ രാവിലെ പുനരാരംഭിച്ചു. ആഴവും  ചുഴിയുമുള്ള ആവുള്ളാൻ കയത്തിൽ  നേരത്തെയും ആളുകൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്. ചെറുപുഴ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ എ ബോസ്, എസ്‌ഐ എം പി ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. തിങ്കൾ  ഉച്ചതിരിഞ്ഞ്‌ ഫയർഫോഴ്സ് സ്പീഡ് ബോട്ട് കൊണ്ടുവന്നും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.  Read on deshabhimani.com

Related News