പുനർഗേഹമൊരുങ്ങി
; കടൽപ്പേടിയകന്നു

മുത്തുവിന് പുനർഗേഹം പദ്ധതിയിൽ നിർമ്മിച്ച വീട്


കണ്ണൂർ> പുലിമുട്ടിന്‌ തൊട്ടുള്ള കുടിലിൽ ഇരച്ചെത്തുന്ന കടൽവെള്ളം പേടിസ്വപ്‌നമായി മുത്തുവിനൊപ്പം എന്നുമുണ്ടായിരുന്നു. കലിതുള്ളുന്ന കാലവർഷത്തിലെ ദുരിതങ്ങളും മറക്കാനാവുന്നതല്ല. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ രണ്ട്‌ കുഞ്ഞുങ്ങളെയുമെടുത്ത്‌ ഓടേണ്ടിവന്ന ഭൂതകാലം.  ആശ്വാസത്തിന്റെ തുരുത്തിലേക്ക്‌ ജീവിതം പറിച്ചുനട്ടതിന്റെ ആശ്വാസത്തിലാണ്‌ പെട്ടിപ്പാലം കോളനിയിലെ സി മുത്തു.     പുനർഗേഹം പദ്ധതിയിൽ കൊമ്മൽ വയലിൽ മൂന്ന്‌ സെന്റ്‌ സ്ഥലത്ത്‌ ഉയർന്ന വീട്ടിൽ മുത്തുവിന്റെ  സന്തോഷം കടലോളമാണ്‌.   ഇരുപത്‌ വർഷമായി മീൻപിടിത്തമാണ്‌ ഉപജീവന മാർഗം. മക്കളുടെ വിദ്യാഭ്യാസവും വീട്ടുചെലവും കഴിഞ്ഞുപോകാമെന്നുമാത്രം.  ഫ്‌ളക്‌സ്‌ ഷീറ്റ്‌ മറച്ച കുടിലിലാണ്‌ അന്തിയുറക്കം.  പുലിമുട്ടിൽ തട്ടി വെള്ളം മുഴുവൻ വീട്ടിലേക്കെത്തും. മഴക്കാലത്ത്‌ തൊട്ടടുത്ത മുബാറക്‌ സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പാണ് അഭയകേന്ദ്രം. വൈദ്യുതി ഉപകരണങ്ങളെല്ലാം വെള്ളം കയറി നശിക്കും.  ഭാര്യ ഭുവനേശ്വരിക്കും അഞ്ചാംക്ലാസുകാരൻ സന്തോഷിനും രണ്ടാംക്ലാസുകാരൻ അഭിനേഷിനുമൊപ്പം മുത്തു വെള്ളം കയറുമെന്ന പേടിയില്ലാതെ ജീവിതം  തുടങ്ങിക്കഴിഞ്ഞു.     കൊമ്മൽവയലിൽ കഴിഞ്ഞ നവംബറിലാണ്‌ മൂന്ന്‌ സെന്റ്‌ സ്ഥലം കണ്ടെത്തിയത്‌. പത്തുലക്ഷം രൂപയാണ്‌ മത്സ്യബന്ധന വകുപ്പ്‌ അനുവദിച്ചത്‌. 4.80 ലക്ഷം രൂപയ്‌ക്ക്‌ സ്ഥലം വാങ്ങി. ബാക്കി തുകകൊണ്ട്‌ ഒരുമുറിയും അടുക്കളയും കിണറുമടക്കമുള്ള വീട്‌ നിർമിച്ചു. പെട്ടിപ്പാലത്തെ കുടിലിൽ താമസിക്കുമ്പോൾ രണ്ടോ മൂന്നോ ദിവസം കൂടുമ്പോഴാണ്‌ പൈപ്പിൽ കുടിവെള്ളം ലഭിക്കുക. അതിനായി എല്ലാവരും ദിവസം മുഴുവൻ  ക്യൂ നിൽക്കണം. കിണറും പമ്പ്‌സെറ്റും ഉള്ളതിനാൽ ഇനി കുടിവെള്ള പ്രശ്‌നമുണ്ടാവില്ലെന്നതാണ്‌ ഏറെ ആശ്വാസമെന്നും മുത്തു പറയുന്നു. മറ്റ് എട്ട്‌ കുടുംബങ്ങൾ കൂടി കൊമ്മൽവയലിൽ പുനർഗേഹം പദ്ധതിയിൽ വീട്‌ നിർമിക്കുന്നുണ്ട്‌.     ജില്ലയിൽ 19 വീടുകളാണ്‌ പുനർഗേഹം പദ്ധതിയിൽ പൂർത്തിയായത്‌. തീരദേശത്ത് വേലിയേറ്റ രേഖയിൽനിന്നും 50 മീറ്റർ പരിധിയിൽ താമസിക്കുന്നവർക്ക് സുരക്ഷിത മേഖലയിൽ ഭവനമൊരുക്കുന്ന പദ്ധതിയാണ് പുനർഗേഹം.    കണ്ണൂർ മണ്ഡലത്തിൽ ഏഴ്‌, അഴീക്കോട്‌ അഞ്ച്‌, തലശേരി ആറ്‌, കല്യാശേരി ഒന്ന്‌ എന്നിങ്ങനെ വീടുകൾ പൂർത്തിയായി. വ്യാഴാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഗൃഹപ്രവേശം  ഓൺലൈനായി ഉദ്ഘാടനംചെയ്യും. Read on deshabhimani.com

Related News