വാഹനത്തെ വെട്ടിച്ചപ്പോഴെന്ന്‌ ഡ്രൈവർ



 തലശേരി എതിരെവന്ന വാഹനത്തെ വെട്ടിച്ചപ്പോഴാണ്‌ പാചകവാതക‌ ടാങ്കർ നിയന്ത്രണം വിട്ട്‌ മറിഞ്ഞതെന്ന്‌ ഡ്രൈവർ എ ശിവകുമാർ. ദേശീയപാതയിൽ വളവ്‌തിരിഞ്ഞ ഉടനാണ്‌ എതിരെ വാഹനം കണ്ടതെന്നും ഡ്രൈവർ പറയുന്നു. നിസാര പരിക്കോടെ ഡ്രൈവർ രക്ഷപ്പെട്ടെങ്കിലും ടാങ്കർ ലോറി അപകടം തലശേരിയെ മുൾമുനയിൽ നിർത്തിയത്‌ മണിക്കൂറുകൾ.  ചാലയുടെ ഓർമയിൽ നടുങ്ങി  പാചകവാതക‌ ടാങ്കർ മറിഞ്ഞത്‌ കേട്ടപ്പോൾ ചാല ദുരന്തമായിരുന്നു പലരുടെയും മനസിൽ. വാതക ചോർച്ചയില്ലെന്ന്‌ ഉറപ്പിച്ചതോടെയാണ്‌ ആശങ്ക അകന്നത്‌. മറിഞ്ഞ ടാങ്കർലോറി സെന്റിനറി പാർക്കിന്റെ മതിലിൽ തട്ടിയെങ്കിലും കാര്യമായ തകരാറ്‌ സംഭവിക്കാതിരുന്നതാണ്‌ രക്ഷയായത്‌. ടാങ്കറിന്റെ മുൻഭാഗത്തെ ചില്ല്‌ തകരുകയും കേടുപറ്റുകയും ചെയ്‌തെങ്കിലും ഗ്യാസ്‌ചോർന്നില്ല.  സമയോചിതം രക്ഷാപ്രവർത്തനം  അപകടമുണ്ടായ ഉടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയും  പൊലീസും നടത്തിയ സമയോചിത ഇടപെടലും അഭിനന്ദനമർഹിക്കുന്നു. വൈദ്യുതിബന്ധം വിഛേദിക്കുകയും സമീപത്തുള്ളവരെ ഒഴിപ്പിക്കുകയും വാഹനം വഴിതിരിച്ചുവിടുകയും ചെയ്‌താണ്‌ അപകടസ്ഥലം‌ സുരക്ഷിതമാക്കിയത്‌. സമീപത്തെ ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയുന്ന സ്‌ത്രീകളടക്കമുള്ളവരെയും മാറ്റി.  വാഹനം  വഴിതിരിച്ചുവിട്ടു ദേശീയപാതയിൽ വാഹനം വഴിതിരിച്ചുവിട്ടതോടെ പലയിടത്തും ഗതാഗതക്കുരുക്കുണ്ടായി. തലശേരി ഗുഡ്‌സ്‌ ഷെഡ്‌, കുയ്യാലി, ചേറ്റംകുന്ന്‌ റോഡുകൾ‌ വഴിയാണ്‌ ഗതാഗതം തിരിച്ചുവിട്ടത്‌.  എരഞ്ഞോളി പാലത്തും ഏറെ നേരം ഗതാഗതം സ്‌തംഭിച്ചു. Read on deshabhimani.com

Related News