കുടിയേറ്റക്കാരുടെ വലിയ ഇടയനായി ഇനി ജോസഫ്‌ പാംപ്ലാനി

തലശേരി ബിഷപ്പ്‌ ഹൗസിൽ ക്രിസ്‌മസ്‌ ആശംസ നേരാനെത്തിയ 
കോടിയേരിയെ ജോസഫ്‌ പാംപ്ലാനി സ്വീകരിക്കുന്നു (ഫയൽചിത്രം).


തലശേരി തലശേരി ആർച്ച്‌ ബിഷപ്പ്‌ പദവിയിലേക്ക്‌ മാർ ജോസഫ്‌ പാംപ്ലാനിയെത്തുമ്പോൾ മലയോരജനതക്കും തലശേരിക്കും ഇത്‌ അഭിമാന നിമിഷം. കുടിയേറ്റജനതയുടെ പിതാവിന്റെ അംശവടി ഒരു കുടിയേറ്റ പുത്രനിലേക്കാണ്‌ കൈമാറ്റം ചെയ്യപ്പെടുന്നത്‌. ആർച്ച്ബിഷപ് മാർ ജോർജ്‌ ഞറളക്കാട്ട്‌ വിരമിക്കുന്ന ഒഴിവിലാണ് സീറോ മലബാർ മെത്രാൻ സിനഡ്‌ പുതിയ അതിരൂപതാധ്യക്ഷനെ തെരഞ്ഞെടുത്തത്. തലശേരി അതിരൂപതയുടെ അമരത്തെത്തുന്ന നാലാമത്തെ പിതാവാണ്‌ ജോസഫ്‌ പാംപ്ലാനി. 1953-ൽ സ്ഥാപിതമായ രൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്‌റ്റ്യൻ വള്ളോപ്പിള്ളിയായിരുന്നു.     അതിരൂപതാ സഹായമെത്രാൻ പദവിയിൽനിന്നാണ്‌ മെത്രാപ്പോലീത്തയായി ജോസഫ്‌ പാംപ്ലാനി ഉയർത്തപ്പെടുന്നത്‌. ആർച്ച്‌ ബിഷപ്പ്‌ മാർ ജോർജ് ഞറളക്കാട്ടിനൊപ്പം അതിരൂപതയുടെ പുരോഗതിക്കുള്ള പുതിയ കർമപദ്ധതിക്ക് നേതൃത്വം കൊടുക്കുന്നതിനിടയിലാണ്‌ പുതിയ നിയോഗം. സഹായമെത്രാനായി ചുരുങ്ങിയ കാലം എല്ലാവിഭാഗം ആളുകളുമായും സൗഹൃദം സ്ഥാപിക്കാൻ പാംപ്ലാനിക്ക്‌ സാധിച്ചു. സഭയുടെയും സമൂഹത്തിന്റെയും നന്മയ്ക്കുവേണ്ടിയുള്ള നിരവധി പ്രവർത്തനങ്ങൾക്ക് നായകത്വം വഹിച്ചു.  ഇരിട്ടിക്കടുത്ത് ചരൾ ഇടവകയിലെ പരേതനായ പി ഡി തോമസ്- –-മേരി ദമ്പതികളുടെ മകനായി  1969 ഡിസംബർ മൂന്നിനാണ്‌ ജനനം. 1997 ഡിസംബർ 30ന് തലശേരി സെന്റ് ജോസഫ്‌സ് കത്തീഡ്രൽ ദേവാലയത്തിൽ മാർ ജോർജ് വലിയമറ്റത്തിൽനിന്ന്‌ പൗരോഹിത്യം സ്വീകരിച്ചു. 1998ൽ പേരാവൂർ സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തിൽ അസിസ്റ്റന്റ് വികാരിയായി. 2017 നവംബർ എട്ടിന്‌ തലശേരി കത്തീഡ്രൽ ദേവാലയത്തിൽവച്ച്‌ മാർ ജോർജ് ഞറളക്കാട്ട്‌ പിതാവിൽനിന്ന്‌ മെത്രാഭിഷേകം സ്വീകരിച്ചു.  കിളിയന്തറ സെന്റ് തോമസ് ഹൈസ്‌കൂൾ, കൂത്തുപറമ്പ്   നിർമ്മലഗിരി കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ബെൽജിയത്തിലായിരുന്നു ഉപരിപഠനം. ലുവൈനിലെ  കാത്തലിക് യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ ബൈബിൾ വിജ്ഞാനീയത്തിൽ ഡോക്ടറേറ്റ്‌. ജർമ്മൻ, ഹീബ്രു, ഗ്രീക്ക് ഭാഷകളിൽ ഡിപ്ലോമയുമുണ്ട്‌. തലശേരി ആൽഫ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ് തിയോളജി ആൻഡ് സയൻസിന്റെ സ്ഥാപകൻ. വിവിധ സെമിനാരികളിൽ അധ്യാപകനും റിസർച്ച്‌ ഗൈഡുമാണ്‌. 35 ഗ്രന്ഥങ്ങളും ദേശീയ, അന്തർദേശീയ തലത്തിൽ 40 ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചു. ഞായറാഴ്ച രാവിലെ 8.30ന് തലശേരി സെന്റ് ജോസഫ്‌സ് കത്തീഡ്രൽ ദേവാലയത്തിൽ നിയുക്ത മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം നൽകും. Read on deshabhimani.com

Related News