വിദ്യാർഥികൾക്കുള്ള വാക്‌സിൻ 
വിതരണം ഊർജിതമാക്കും



കണ്ണൂർ കോവിഡ്‌ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ 15നും 17നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്കുള്ള വാക്‌സിനേഷൻ ത്വരിതപ്പെടുത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം നിർദേശിച്ചു. ജില്ലയിൽ ഈ വിഭാഗത്തിൽ 97722 വിദ്യാർഥികളാണുള്ളത്. ഇവരിൽ 73702 പേർ  വാക്‌സിനെടുത്തു (75.4 ശതമാനം). വിദ്യാർഥികളുടെ വാക്‌സിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകണം. ജില്ലാ കൺട്രോൾ റൂമിന്റെ പ്രവർത്തനം 24 മണിക്കൂറാക്കും.  ജില്ലയിൽ 18.5 ആണ് ഇപ്പോഴത്തെ ശരാശരി ടിപിആർ. മൂന്നുദിവസത്തെ ശരാശരി ടിപിആർ നിരക്കാണ് പരിഗണിക്കുന്നത്. നിലവിൽ ക്ലസ്റ്ററുകളില്ല. ആക്ടീവ് കേസ്‌ പതിനായിരത്തിലെത്തുന്ന സാഹചര്യം ഉണ്ടാകുകയാണെങ്കിലേ സെക്കൻഡറി ട്രീറ്റ്‌മെന്റ് സെന്ററുകൾ അടക്കമുള്ള അധിക സംവിധാനം ഒരുക്കേണ്ട സാഹചര്യമുള്ളൂവെന്ന്‌  യോഗം വിലയിരുത്തി. ഇതിനാവശ്യമായ പ്ലാൻ ജില്ലാ ആരോഗ്യ വകുപ്പ് തയ്യാറാക്കും. സംസ്ഥാനത്ത് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ജില്ലയിൽ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടി  കർശമാക്കും. വാർഡുതല സമിതികൾ വീണ്ടും സജീവമാക്കും. യോഗങ്ങൾ വിളിച്ചുചേർക്കാൻ എല്ലാ തദ്ദേശസ്ഥാപനങ്ങളോടും  ആവശ്യപ്പെട്ടു. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ കോവിഡ്‌ ചികിത്സാ സൗകര്യങ്ങളെക്കുറിച്ചുള്ള വിശദാംശം തയ്യാറാക്കും. ഇതിന്‌ സ്വകാര്യ ആശുപത്രികളുടെ യോഗം വിളിക്കും. ജില്ലയിൽ ചികിത്സാ സംവിധാനങ്ങളും ആശുപത്രി സൗകര്യങ്ങളും തൃപ്തികരമാണെന്ന് ഡെപ്യൂട്ടി ഡിഎംഒ ഡോ. എം പ്രീത  അറിയിച്ചു. കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷനായി. Read on deshabhimani.com

Related News