കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ വരുന്നത്‌ അത്യാധുനിക ട്രോമാ കെയർ



 കണ്ണൂർ അത്യാഹിതങ്ങളിൽ ഗുരുതരാവസ്ഥയിലായ മനുഷ്യജീവൻ തിരിച്ചുപിടിക്കാൻ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഒരുങ്ങുന്നത്‌ അത്യാധുനിക ട്രോമാ കെയർ സംവിധാനം‌.  കിഫ്‌ബി അംഗീകാരത്തോടെ ആദ്യഘട്ടത്തിൽ നടപ്പാക്കുന്ന 51.30 കോടിയുടെ പദ്ധതി ഉത്തര മലബാറിലെ ഏറ്റവും മികച്ച സംവിധാനമാകും. ഒന്നര വർഷത്തിനുള്ളിൽ ട്രോമാ കെയർ കോംപ്ലക്‌സ്‌ പൂർത്തിയാക്കാനാണ്‌ സർക്കാർ തീരുമാനം.     അഞ്ചു നിലകളിലുള്ള ട്രോമാ കെയർ ബ്ലോക്കിന്‌ 1,07,089 ചതുരശ്ര അടി വിസ്‌തൃതിയുണ്ടാകും. ഒന്നാം‌ നിലയിൽ രണ്ട്‌ സ്‌റ്റോർ, വിഐപി ലോഞ്ച്‌,  ഫാർമസി, മോർച്ചറി, ഐസൊലേഷൻ റൂം, ശുചിമുറി എന്നിവ. രണ്ടാം നിലയിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ, പരിശോധനാ മുറി, ക്ലിനിക്ക്‌, പ്ലാസ്‌റ്റർ, എംആർഐ , എക്‌സ്‌റേ മുറികൾ,സിടി സ്‌കാൻ, അതിവേഗ ഒപി ,ട്രോമാ കെയർ, ഡോക്ടർമാരുടെയും നേഴ്‌സുമാരുടെയും ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെയും മുറികൾ, സെപ്‌റ്റിക്‌ ഓപ്പറേഷൻ തിയേറ്റർ, മൈനർ പ്രൊസിഡ്യൂർ റൂം. നെബുലൈസേഷൻ,  ഇസിജി, എംഐസിയു, ഐസൊലേഷൻ വാർഡ്‌, റൂം എന്നിവ സജ്ജീകരിക്കും.  മൂന്നാം നിലയിൽ മെയിൽ/ ഫീമെയിൽ ഷോർട്ട്‌ സ്‌റ്റേ യൂണിറ്റ്‌, അൾട്രാ സോണോഗ്രഫി,  ട്രോമാ വാർഡ്‌, പ്രൊസീജിയർ റൂം, എക്‌സ്‌റേ റൂം എന്നിവ. നാലാം നിലയിൽ ബയോ കെമിസ്‌ട്രി, മൈക്രോ ബയോളജി, സാമ്പിൾ ശേഖരണം, പാത്തോളജി,  ഹെമറ്റോളജി, ഓപ്പറേഷൻ തിയേറ്റർ, സർജിക്കൽ ഐസിയു, ഫാർമസി,  കഫ്‌റ്റേരിയ തുടങ്ങിയവ ഉണ്ടാകും. അഞ്ചാംനിലയിൽ ഡിപ്പാർട്ട്‌മെന്റ്‌  ലൈബ്രറി, റെസിഡന്റുമാരുടെയും പ്രൊഫസർമാരുടെയും മുറികൾ, ക്ലാസ്‌ മുറികൾ തുടങ്ങിയവയാണ്‌. അടുത്ത ഘട്ടത്തിൽ സൂപ്പർ സ്‌പെഷ്യാലിറ്റി സംവിധാനങ്ങളും ഒരുക്കും.   പൊതുമേഖലാ സ്ഥാപനമായ വാപ്‌കോസ്‌ ലിമിറ്റഡാണ്‌ വിശദ രൂപരേഖ  തയ്യാറാക്കിയത്‌.   ചുരുങ്ങിയ ചെലവിൽ  വിദഗ്ധ ചികിത്സ  പുതിയ ട്രോമാ കെയർ സെന്റർ വരുന്നതോടെ സാധാരണക്കാർക്ക് ചുരുങ്ങിയ ചെലവിൽ വിദഗ്ധ ചികിത്സ നൽകാൻ കഴിയും. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലുള്ളവർക്ക്‌ പ്രയോജനകരമാകും.   സെന്റർ ഓഫ് എക്സലൻസാണ്‌ ലക്ഷ്യം. കാർഡിയോളജി, ന്യൂറോളജി, ഓർത്തോ വിഭാഗങ്ങൾ ട്രോമാ കെയർ സെന്റുറുമായി ബന്ധിപ്പിച്ച് പ്രവർത്തിക്കും. ആശുപത്രി വികസന സൊസൈറ്റിയുടെ മെഡിക്കൽ ഷോപ്പിൽനിന്ന് ചുരുങ്ങിയ നിരക്കിൽ മരുന്നും  ഉപകരണങ്ങളും ലഭ്യമാക്കും.  –- ഡോ. കെ സുദീപ്‌ മെഡിക്കൽ സൂപ്രണ്ട്‌, കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌   വടക്കേ മലബാറിന്‌ മുതൽക്കൂട്ട്‌  വടക്കേ മലബാറിന്‌ വലിയ മുതൽക്കൂട്ടാകും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ നിർമിക്കുന്ന ആധുനിക ട്രോമാ കെയർ കോംപ്ലക്സ്‌. നിലവിൽ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലാണ് ഈ സംവിധാനമുള്ളത്.  ഡിസംബറിൽ നിർമാണ പ്രവർത്തനങ്ങൾക്ക്‌ തുടക്കം കുറിക്കും.     കാത്ത് ലാബ്  ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾക്കായി സർക്കാർ 18 കോടി രൂപ അനുവദിച്ചത് അടുത്തിടെയാണ്‌. കഴിഞ്ഞ ദിവസം ഡോക്ടർമാരുടെയും നേഴ്സമാരുടെയും ഉൾപ്പെടെ 746 തസ്‌തികകൾ സൃഷ്ടിച്ചു. 100 ഡോക്ടർമാരെ കൂടുതലായി ലഭിച്ചു. മെയിന്റനൻസിനുള്ള 30 കോടിയുടെ പദ്ധതി കിഫ്ബി പരിഗണനയിലാണ്‌. വൈകാതെ അനുമതി ലഭിക്കുമെന്നാണ്‌ പ്രതീക്ഷ.  –- ടി വി രാജേഷ്‌ എംഎൽഎ Read on deshabhimani.com

Related News