കരകയറാനാവാതെ 
നെൽ കർഷകർ



കണ്ണൂർ കാലാവസ്ഥ വ്യതിയാനം തുടർച്ചയായ രണ്ടാം വർഷവും  നെൽകൃഷിക്ക്‌ വിനയാകുന്നു.  ഇക്കുറിയും  മെയ്‌ രണ്ടാംവാരത്തിന്‌ മുന്നേ മഴ കനത്തതാണ്‌  പ്രശ്‌നമാകുന്നത്‌. മഴ പെയ്‌ത്‌ പാടങ്ങളിൽ വെള്ളം നിറയാൻ തുടങ്ങിയതിനാൽ പൊടിവിത ഇനി നടക്കില്ല. ഞാറ്റടിക്കായി  വിത്ത്‌ വിതയ്‌ക്കേണ്ടി വരും. ഒന്നാംവിളയ്‌ക്ക്‌ പൊടി വിതയാണ്‌  പതിവ്‌. മിക്ക പാടശേഖരങ്ങളിലും  ഏപ്രിൽ അവസാനവും മെയ്‌   ആദ്യവാരവുമാണ്‌  വിത്തിടുന്നത്‌.  എന്നാൽ മഴ കനത്തതിനാൽ  ഇതിന്‌ സാധിച്ചില്ല.    ഞാറ്‌ മുളയ്‌ക്കുന്ന സമയത്ത്‌ അമിത മഴ പെയ്‌താൽ ഞാറ്റടികൾ നശിക്കും. വിത ഞാറിന്‌ കൂടുതൽ വെള്ളം പറ്റില്ല.   ഞാറ്‌ നശിച്ചാൽ പിന്നീട്‌ വിതയ്‌ക്കാനുള്ള വിത്ത്‌ ലഭിക്കാത്തതും പ്രശ്‌നമാവും. ഒന്നാംവിളയ്‌ക്കുള്ള കൃഷിയിടങ്ങൾ പൂർണമായി ഉപയോഗിക്കാനും പറ്റില്ല.  ഞാറിട്ടാൽ  സാധാരണ അതിന്റെ വളർച്ചയ്‌ക്ക്‌ ആവശ്യമായ കാലവസ്ഥയുണ്ടാകാറുണ്ട്‌. കഴിഞ്ഞ വർഷം തുടർ മഴയായിരുന്നു. ഈ വർഷവും കാലവർഷം നേരത്തെ എത്തുന്നതിനാൽ ഞാറ്‌ വളരുന്നതിന്‌ സാഹചര്യം ലഭിക്കില്ല.  കരനെൽ കൃഷിക്കും കനത്ത മഴ ഗുണം ചെയ്യില്ല. കൈപ്പാട്‌ കൃഷിക്കും  ദോഷമാണ്‌. നിലം നന്നായി ഉണങ്ങിയില്ലെങ്കിൽ  നെല്ലുൽപ്പാദനം കുറയുമെന്ന്‌ കേരള കാർഷിക സർവകലാശാല ഉത്തരമേഖല ഗവേഷണ വിഭാഗം മേധാവി ഡോ. ടി വനജ പറഞ്ഞു.       ഇഞ്ചി, മഞ്ഞൾ, കശുവണ്ടി, മാങ്ങ തുടങ്ങിയവയ്‌ക്കും പ്രശ്‌നമാണ്‌. കശുവണ്ടി ഇനി വിളവെടുക്കാനാവില്ല. മാങ്ങ പുഴുകയറി നശിക്കും. ഇഞ്ചിക്കും മഞ്ഞളിനും ആവശ്യമായ വളർച്ച ലഭിക്കില്ല. അതിനാൽ ഉൽപ്പാദനം കുറയും. നെല്ലിനുശേഷം പാടങ്ങളിൽ കൃഷിചെയ്‌ത പയർവർഗങ്ങൾ പൂർണമായി വിളവെടുക്കാൻ പറ്റാത്ത അവസ്ഥയിലാണ്‌. വൻപയറും മറ്റും  വെള്ളം കയറി ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്‌.  തെങ്ങിനും കവുങ്ങിനുമേ ഈ കാലാവസ്ഥ ഗുണകരമാവൂ.  കുരുമുളകിന്‌ ഗുണവും ദോഷവുമുണ്ട്‌. തളിരിട്ടതിന്‌ പ്രശ്‌നമില്ല. അല്ലാത്തവയ്‌ക്ക്‌ അമിതമഴ പ്രശ്‌നമാകും.     കാലാവസ്ഥ വ്യതിയാനത്തിന്റെ സാഹചര്യത്തിൽ   വിത്തുകളും നടീൽ വസ്‌തുക്കളും കരുതിവയ്‌ക്കാൻ സംവിധാനം ഏർപ്പെടുത്തണമെന്ന്‌ കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം മേധാവി പി ജയരാജ്‌ പറഞ്ഞു. നെൽ വിത്ത്‌, ഇഞ്ചി, മഞ്ഞൾ  തുടങ്ങിയ നടീൽ വസ്‌തുക്കൾ  ആവശ്യത്തിന്‌ ലഭിക്കാത്ത അവസ്ഥയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. Read on deshabhimani.com

Related News