ഇടവേള കഴിഞ്ഞു ‘മാസ്‌റ്ററിന്‌’ മാസ്‌ തുടക്കം

തലശേരി ലിബർട്ടി തിയറ്ററിൽ ‘മാസ്റ്റർ’ കാണാനെത്തിയ ആരാധികമാർ


തലശേരി ആട്ടവും പാട്ടുമായി വെള്ളിത്തിരയിൽ ഉത്സവം തീർത്ത്‌ വിജയ്‌ ചിത്രം മാസ്‌റ്റർ എത്തി. ഒമ്പതു‌മാസത്തെ ഇടവേളക്ക്‌ ശേഷം തുറന്ന തിയറ്ററുകളിൽ സിനിമയെ പ്രേക്ഷകർ വരവേറ്റത്‌ ആഘോഷത്തോടെ. തലശേരി ലിബർട്ടി തിയറ്റർ കോംപ്ലക്‌സിലെ ആറിടത്തായി ആദ്യദിവസം 18 ഷോ പ്രദർശിപ്പിച്ചു. ഓരോ ടാക്കീസിലും പാതി സീറ്റുകളിലേക്കായിരുന്നു‌ പ്രവേശനം‌. ആരാധകരുടെ ആഘോഷമായിരുന്നു ആദ്യദിനം.  സിനിമയുടെ തിരിച്ചുവരവിനെ പ്രേക്ഷകലോകം ഉത്സവമാക്കിയപ്പോൾ ടൗണിൽ നേരിയ ഗതാഗതക്കുരുക്കുണ്ടായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രേക്ഷകർ സിനിമകാണാൻ തലശേരിയിലെത്തി. ‘സിങ്കപെൺമക്കൾ’ക്ക്‌ പ്രത്യേക ഷോ  വിജയ്‌ വനിതാ ഫാൻസുകാർക്കായി പ്രത്യേക ഷോയും ആദ്യദിനമുണ്ടായി. കണ്ണൂർ ‘സിങ്കപെൺമക്കൾ’ ഫാൻസ്‌ ഭാരവാഹികളായ കതിരൂരിലെ സുബിഷയും പാറപ്രത്തെ ശ്രീജിഷയും നിരവധി  വിജയ്‌ ആരാധികമാരെ  കൂട്ടിയാണ്‌ സിനിമക്കെത്തിയത്‌. തിയറ്റർ തുറക്കുമ്പോഴുള്ള ആദ്യഷോ വിജയ്‌ ചിത്രമായതിൽ സന്തോഷമുണ്ടെന്ന്‌ ഇരുവരും പറഞ്ഞു.‘ടാക്കീസിൽനിന്ന്‌ സിനിമ കാണുന്നതിന്റെ ത്രില്ല്‌ വീട്ടിൽ കിട്ടില്ല‌’–- ഗോപാലപ്പേട്ടയിലെ സലോമിയുടെ വാക്കുകൾ. വിജയ്‌ അണ്ണന്റെ കട്ടഫാനാണെന്ന്‌ ഫ്‌ളെവിൻഷയും ഫ്‌ളെമിയയും പറഞ്ഞു. തിയേറ്ററിലേക്ക്‌ ആളുകൾ വരില്ലെന്ന ഭയമാണ്‌ ടാക്കീസ്‌ തുറന്ന ആദ്യദിനം മാറിയത്‌. ഒടിടി  പ്ലാറ്റ്ഫോമിലല്ല, ടാക്കീസിലിരുന്ന്‌ സിനിമകാണാനാണ്‌ ഇഷ്ടമെന്ന്‌ പ്രേക്ഷകർ ആദ്യനാളിൽ വിധിയെഴുതി.     Read on deshabhimani.com

Related News