വിറപ്പിച്ച്‌ മിന്നൽച്ചുഴലി

ചുഴലിക്കാറ്റിൽ തകർന്ന മൂന്നാംപീടികയിലെ നുച്ചിയിൽ നാണിയുടെ വീട്


കൂത്തുപറമ്പ് മാങ്ങാട്ടിടത്ത് വീശിയടിച്ച മിന്നൽച്ചുഴലിയിൽ  വ്യാപക നാശം.  ബുധനാഴ്ച രാത്രി പതിനൊന്നോടെ 10 മിനുട്ട് നീണ്ട ചുഴലിക്കാറ്റിൽ  കർഷകർക്ക് നഷ്ടമായത് പതിറ്റാണ്ടുകളുടെ അധ്വാനത്തിന്റെ ഫലം.   വട്ടിപ്രം വയൽ, മൂന്നാംപീടിക, രാമപുരം, കൈതേരി തേൻപുളി  എന്നിവിടങ്ങളിലാണ്‌ കൂടുതൽ നാശമുണ്ടായത്‌. മൂന്നാംപീടിക ടൗണിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിലെ ബോർഡുകളും,മേൽക്കൂരയിലെ ഷീറ്റുകളും നശിച്ചു.  ഒരുകടയുടെ മുകളിൽ സ്ഥാപിച്ച റൂഫിങ് ഷീറ്റ് പാറിവീണ്‌ സമീപത്തെ നുച്ചിയിൽ നാണിയുടെ കപ്പണപ്പറമ്പ് വീട് പൂർണമായും തകർന്നു. ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്കോടിയതിനാൽ  അപകടമൊഴിവായി.സിപിഐ  എം മാങ്ങാട്ടിടം ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസിന്റെ മേൽക്കൂരയിലെ ഓടുകളും തകർന്നു. പ്രദേശത്തെ അഞ്ചുവീടുകൾക്കും 15 കടകൾക്കും നാശമുണ്ടായി. കുറുമ്പക്കൽ മാപ്പിള എൽപി സ്കൂളിന്റെ ഓടുകളും പാറിപ്പോയി.  മൂന്നാംപീടിക രാമപുരത്ത് പി കെ മനോഹരന്റെ വീടിന്റെ  മേൽക്കൂരയിലെ  ഷീറ്റ് പാറിപ്പോയി.  സമീപമുള്ള വയലോമ്പ്രൻ വത്സന്റെ വീടിന്റെ  കാർപോർച്ചിൽ മരംവീണു.        വട്ടിപ്രം വയലിലെ വാഴകളും, മരച്ചീനിയും, മരങ്ങളും കാറ്റിൽ കൂപ്പുകുത്തി. വേലായുധൻ, യശോദ, ലക്ഷ്മണൻ, സഹദേവൻ, രാഘവൻ, ശ്രീധരൻ, അനീഷ് കുമാർ എന്നിവരുടെ 1100  വാഴകളും  നശിച്ചു. നിരവധി  തെങ്ങുകളും കവുങ്ങുകളും കടപുഴകി. കൈതേരി ആറങ്ങാട്ടേരി ഇ പി രമേശന്റെ വീടിന്റെ  മേൽക്കൂരയിലെ ഓടും പൂർണമായും തകർന്നു. ആയിത്തര തേൻപുളിയിലും നിരവധി വീടുകൾക്കും കേടുപാടുണ്ട്.പത്താം വാർഡിലെ  ഇ പി രമേശന്റെ വീട് പൂർണമായും തകർന്നു.  Read on deshabhimani.com

Related News