ഇരുമ്പിനൊപ്പം ലിസി വിളക്കിച്ചേർക്കുന്നു ജീവിതം

ലിസി ഡൊമിനിക്ക്‌ വെൽഡിങിനിടെ


ഇരിട്ടി ചിതറുന്ന തീപ്പൊരികളെ അധ്വാനത്തിന്റെ വിയർപ്പുകൊണ്ടാണ്‌ ലിസി ഡൊമിനിക്ക്‌ അണയ്‌ക്കുന്നത്‌. ഇലക്‌ട്രിക് വെൽഡിങിലെ പെൺസാന്നിധ്യമായി 29 വർഷമായി ഇരിട്ടി പയഞ്ചേരിമുക്കിലെ ന്യൂറോയൽ എൻജിനിയറിങ് സ്ഥാപനത്തിൽ ലിസിയുണ്ട്‌.      ഇരുമ്പുകട്ടിള, ജനാല, ഗെയ്‌റ്റ്  തുടങ്ങി എല്ലായിനം ഇരുമ്പ്‌ പ്രവൃത്തികളും ഏറ്റെടുക്കുന്ന ന്യൂറോയൽ ആരംഭിച്ചിട്ട്‌ 15 വർഷം. മുമ്പ്‌  തൊട്ടടുത്തായി റോയൽ എൻജിനിയറിങിലായിരുന്നു ഭർത്താവ്‌ ഡൊമിനിക്കിനൊപ്പം കോഴിക്കോട്‌ വെള്ളിപ്പറമ്പ്‌ സ്വദേശിനിയായ ലിസി ജോലി ചെയ്‌തത്‌. 2018 ലെ പ്രളയത്തിലാണ്‌ ഡൊമിനിക്കിനെ ഇരിട്ടി പുഴയിൽ കാണാതായത്‌. പയഞ്ചേരി കോറമുക്കിൽ പുഴക്കരയിലെ വീട്ടിലായിരുന്നു ഡൊമിനിക്കും ലിസിയും  മൂന്നുമക്കളും.  നാലുദിവസത്തിനുശേഷമാണ്‌ പഴശ്ശി ഡാമിനടുത്ത്‌ ഡൊമിനിക്കിന്റെ മൃതദേഹം കണ്ടെത്തിയത്‌.       കരഞ്ഞ്‌ തീർക്കാനുള്ളതല്ല, വിളക്കിച്ചേർക്കാനുള്ളതാണ്‌ കുടുംബമെന്ന ബോധ്യത്തിൽ ലിസി പതിയെ ജീവിതം തിരികെപ്പിടിച്ചു. വെൽഡിങ് റാഡുകളും കൂറ്റൻ ചുറ്റികയുമായി അവർ ഇരുമ്പിനോട്‌ മല്ലടിച്ചു. ഉറച്ച മനസായിരുന്നു ലിസിയുടെ മൂലധനം. എംകോം കഴിഞ്ഞ മൂത്തമകൻ അജേഷിപ്പോൾ അമ്മയെ സഹായിക്കാനുണ്ട്‌.   Read on deshabhimani.com

Related News