പ്രസിഡന്റിനെ കുരിശേറ്റി
കോൺഗ്രസ്‌ നേതൃത്വം തടിയൂരുന്നു



കണ്ണൂർ തളിപ്പറമ്പ്‌ സർവീസ്‌ സഹകരണ ബാങ്കിലെ ക്രമക്കേടിൽ പ്രസിഡന്റിനെ ബലിയാടാക്കി തടിയൂരാൻ കോൺഗ്രസ്‌ നേതൃത്വം ശ്രമം തുടങ്ങി. വർഷങ്ങളായി ബാങ്കിൽ തുടരുന്ന ക്രമക്കേടുകൾ പുറത്തുവന്നിട്ടും ജില്ലാ നേതൃത്വം നടപടിയെടുത്തിരുന്നില്ല. 20 വർഷമായി ബാങ്ക്‌ പ്രസിഡന്റാണ്‌ കല്ലിങ്കീൽ പത്മനാഭൻ. നിലവിൽ തളിപ്പറമ്പ്‌ നഗരസഭാ വൈസ്‌ ചെയർമാനും. ബാങ്കിലെ ക്രമക്കേടുകൾ ചർച്ചയായ ശേഷമാണ്‌ പത്മനാഭനെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചതും വൈസ്‌ ചെയർമാൻ ആക്കിയതും. ബാങ്ക്‌ ഭരണസമിതിക്കെതിരെ നിരന്തരം പരാതികളുയർന്നിട്ടും സംരക്ഷിക്കുകയായിരുന്നു നേതൃത്വം. നേരത്തെയും തുടർച്ചയായി നഗരസഭാ  കൗൺസിലറായിരുന്നു. ദീർഘകാലം കെപിസിസി അംഗവുമായി. ഗ്രൂപ്പ്‌ സമവാക്യങ്ങൾ മാറിയതോടെയാണ്‌ പുതിയ നേതൃത്വത്തിന്‌ അനഭിമതനായത്‌.  ഭരണസമിതിയുടെയും സെക്രട്ടറിയുടെയും ജീവനക്കാരുടെയും അറിവോടെയായിരുന്നു  ക്രമക്കേടുകൾ. ബാങ്ക്‌ പ്രവർത്തന പരിധിക്ക് പുറത്തുള്ളവർക്ക് വായ്പ നൽകി വർഷങ്ങളായി തിരിച്ചടക്കാത്തത്‌ ഉൾപ്പെടെ ബാങ്ക് പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ നിരവധി പരാതികളുണ്ട്‌. പ്രസിഡന്റ്‌ അമ്മയുടെയും ഭാര്യയുടെയും പേരിൽ വാങ്ങിയ വായ്പയ്ക്ക് കുടിശ്ശിക നിവാരണത്തിന്റെ മറവിൽ പലിശയിളവ് സമ്പാദിച്ചതായും അന്വേഷണത്തിൽ പുറത്തുവന്നു. വസ്തു പണയ വായ്പയിലും ഭവനവായ്‌പയിലും ക്രമക്കേടുകളുണ്ടായി.    മണ്ഡലം ഭാരവാഹികളുടെയും പ്രവർത്തകരുടെയും പരാതിൽ ഡിസിസി നിയോഗിച്ച അന്വേഷണ കമീഷനും അഴിമതി കണ്ടെത്തിയിരുന്നു. ക്രമക്കേട്‌ നടന്നതായി കഴിഞ്ഞ ദിവസം മുൻ ഡിസിസി പ്രസിഡന്റ്‌ സതീശൻ പാച്ചേനി വാർത്താസമ്മേളനത്തിലും സമ്മതിച്ചു. ക്രമക്കേട്‌ തടയാൻ ചീഫ്‌ എക്സിക്യുട്ടീവ്‌ ഓഫീസറെ നിയോഗിക്കാൻ തീരുമാനിച്ചെങ്കിലും  ഒന്നരവർഷം കഴിഞ്ഞിട്ടും  നടപ്പാക്കാനായില്ലെന്നായിരുന്നു പാച്ചേനിയുടെ ഏറ്റുപറച്ചിൽ. ഡിസിസി പ്രസിഡന്റ്‌ മാർട്ടിൻ ജോർജിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഇത്‌.     കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ, സതീശൻ പാച്ചേനി, മാർട്ടിൻ ജോർജ്‌ എന്നിവർ  പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ മാറിനിൽക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ, മുഴുവൻ  ഉത്തരവാദിത്തം ഏറ്റെടുത്ത്‌ മാറാൻ കഴിയില്ലെന്നായിരുന്നു പത്മനാഭന്റെ നിലപാട്‌. വായ്‌പയും മറ്റും അനുവദിച്ചതും നിർമാണ പ്രവർത്തനങ്ങൾ നടത്തിയതും പലിശയിൽ ഇളവ്‌ നൽകിയതുമെല്ലാം എല്ലാവരും അറിഞ്ഞുള്ളതായതിനാൽ ഭരണസമിതിയിലെ മുഴുവൻ പേരെയും മാറ്റിനിർത്തണമെന്നാണ്‌ ഒരു വിഭാഗത്തിന്റെ നിലപാട്‌. ക്രമക്കേടുകൾ നടന്നിരുന്നുവെന്ന ജില്ലാ നേതൃത്വത്തിന്റെ ഏറ്റുപറച്ചിലും കോൺഗ്രസിൽ പുകയുന്നു.   Read on deshabhimani.com

Related News